ബൈസണ്‍വാലിയിൽ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു
1538704
Tuesday, April 1, 2025 11:05 PM IST
അടിമാലി: ബൈസണ്‍വാലി പാലത്തിന് സമീപം പാലത്തിന്റെ കൈവിരികള്‍ തകര്‍ത്ത് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു. ഇന്നലെ ഉച്ചയോടെ കൊടുങ്ങല്ലൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. സുഹറ (61), ദിൽന (28), സഹല (27) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗ്യാപ്പ് റോഡില്‍നിന്നു ബൈസണ്‍വാലി വഴി രാജാക്കാട് ഭാഗത്തേക്ക് പോകുമ്പോൾ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. അപകടത്തില്‍ വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു.
അപകടസാധ്യത കുറയ്ക്കാന്‍ റോഡരികില്‍ സ്ഥാപിച്ചിട്ടുള്ള ക്രാഷ്ബാരിയര്‍ വേണ്ടവിധം കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടില്ലെന്ന ആരോപണവുമായി ബൈസൺവാലി കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തി. ക്രാഷ്ബാരിയറിന്റെ തൂണുകൾ വേണ്ടവിധം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിരുന്നില്ലെന്നാണ് ആരോപണം. ഇതിനെതിരേ പരാതി നൽകുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് നിരവത്തുപറമ്പിൽ അറിയിച്ചു.