യുഡിഎഫ് രാപകല്‍ സമരം നാളെ
1539006
Wednesday, April 2, 2025 11:48 PM IST
നെടുങ്കണ്ടം: യുഡിഎഫ് നെടുങ്കണ്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ രാപകല്‍ സമരം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തില്‍നിന്നു 40 ശതമാനം തുക വെട്ടിക്കുറച്ചതിനെതിരേയും സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേയും യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും സമര പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് നെടുങ്കണ്ടത്തും സമരം നടത്തുന്നത്.
നിര്‍മാണ നിരോധന ഉത്തരവ് ആറ് വര്‍ഷമായിട്ടും ഭേദഗതി ചെയ്യാന്‍ കഴിയാത്തതും ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കഴിയാത്തതും സര്‍ക്കാരിന്റെ പരാജയമാണ്. കെട്ടിടനികുതി, ഭൂനികുതി, വൈദ്യുതി ചാര്‍ജ് വര്‍ധനവ്, വെള്ളക്കരം കൂട്ടിയതുള്‍പ്പെടെ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തിയിരിക്കുന്നു. ആശാ വര്‍ക്കാര്‍മാരുടെ സമരം 52 ദിവസമായിട്ടും പരിഹരിക്കാന്‍ സാധിക്കാത്തതും സര്‍ക്കാരിന്റെ പരാജയമാണെന്നും ആരോപിച്ചാണ് യുഡിഎഫ് രാപകല്‍ സമരം നടത്തുന്നത്.
നാളെ രാവിലെ 10ന് ആരംഭിക്കുന്ന സമരം മുസ്ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി കെ.എസ്. സിയാദ് ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് നേതാക്കളായ സേനാപതി വേണു, എം.എസ്. മഹേശ്വരന്, ജോജി ഇടപ്പള്ളിക്കന്നേല്, രാജേഷ് ജോസഫ് എന്നിവര്‍ അറിയിച്ചു.
രാജാക്കാട്: യുഡിഎഫ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപകൽ സമരം നാളെ വൈകുന്നേരം നാലുമുതൽ അഞ്ചിന് രാവിലെ ഒൻപതുവരെ രാജാക്കാട് ടൗണിൽ നടക്കുമെന്ന് യുഡിഎഫ് രാജാക്കാട് മണ്ഡലം ഭാരവാഹികൾ അറിയിച്ചു. എ ഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് മണ്ഡലം ചെയർമാൻ സിബി കൊച്ചുവള്ളാട്ട്, കൺവീനർ ജോഷി കന്യാക്കുഴി എന്നിവർ അറിയിച്ചു.