ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതി: സർക്കാർ ഇടപെടണമെന്ന് പ്രഫ. ജേക്കബ്
1538715
Tuesday, April 1, 2025 11:05 PM IST
ചെറുതോണി: കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ നിർമാണ ജോലികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തടസപ്പെട്ടുകിടക്കുകയാണ്.
സംസ്ഥാന സർക്കാരിന്റെ വിഹിതം അടക്കാത്തതാണ് നിർമാണം തടസപ്പെടാൻ കാരണം. ജോലികൾ ഏറ്റെടുത്ത കരാറുകാർ പണികൾ ഉപേക്ഷിച്ചു പോകുന്ന സാഹചര്യമാണ്. പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനായി റോഡിലുണ്ടാക്കിയ കുഴികൾ നികത്താത്തതിനാൽ പല സ്ഥലങ്ങളിലും വാഹനങ്ങൾക്ക് കടന്നുപോകാൻകഴിയാത്ത അവസ്ഥയുമുണ്ട്.
2024 മാർച്ച് 31നകം പൂർത്തിയാക്കുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച പദ്ധതി യാഥാർഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് മണ്ഡലം കൺവൻഷൻ കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ബാങ്ക് ആരംഭിച്ചിരിക്കുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണം. വായ്കളുടെ പലിശ എഴുതിത്തള്ളണം. വായ്പ തുക തവണകളായി തിരിച്ചടക്കുവാൻ കാലാവധി ദീർഘിപ്പിച്ചു നൽകണം. കഞ്ഞിക്കുഴി വില്ലേജിലെ കർഷകർക്ക് പട്ടയം നൽകാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോസ് മോടിക്കൽ പുത്തൻപുര അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉന്നതാധികാര സമിതിയംഗം നോബിൾ ജോസഫ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചു കരോട്ട്, കേരള കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ എന്നിവർ ക്ലാസുകൾ നയിച്ചു.
ഇഴഞ്ഞുനീങ്ങി ജൽജീവൻ
കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിലെ പഞ്ചായത്തിലെ ജൽജീവൻ കുടിവെള്ള പദ്ധതി ഇഴയുന്നു. മൂന്നു വർഷം മുന്പ് ഉദ്ഘാടനം നിർവഹിച്ച പദ്ധതിക്കാണ് ജീവനില്ലാത്തത്. ഇരട്ടയാറിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ തുടക്കമിട്ട പദ്ധതിയുടെ ഭാഗമായി വിവിധ പ്രദേശങ്ങളിൽ പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പദ്ധതി പൂർത്തിയാക്കിയിട്ടില്ല.
ഇരട്ടയാർ ജലാശയത്തിൽനിന്നു വെള്ളമെടുത്ത് 2025ന്റെ തുടക്കത്തിൽ തന്നെ ജലവിതണം കാര്യക്ഷമമാക്കുന്നതിനായിരുന്നു പദ്ധതിയെങ്കിലും നിർമാണത്തിൽ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. കുടിവെള്ള പദ്ധതി ഉടൻ നടപ്പാക്കണമെന്നും അല്ലാത്തപക്ഷം സമരങ്ങൾ ആരംഭിക്കുമെന്നും കേരള കോണ്ഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി അറിയിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ നടയ്ക്കൽ, ഒ.ടി. ജോണ്, സജി ജോസഫ്, സിബി തോമസ്, എബിൻ പ്ലാന്തക്കാട്ടിൽ അനൂപ് തോമസ് എന്നിവർ പ്രസംഗിച്ചു.