കാട്ടുപന്നികൾ ഒരേക്കർ സ്ഥലത്തെ കപ്പക്കൃഷി നശിപ്പിച്ചു
1537434
Friday, March 28, 2025 11:04 PM IST
ശാന്തിഗ്രാം: കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങി ഒരേക്കറോളം സ്ഥലത്തെ കപ്പക്കൃഷി നശിപ്പിച്ചു. ഇടിഞ്ഞമല ഇടത്തിപ്പറന്പിൽ മാത്യുവിന്റെ കൃഷിയാണ് നശിപ്പിച്ചത്. പഞ്ചായത്തിലും കൃഷിഭവനിലും വനംവകുപ്പിലും മാത്യു പരാതി നൽകിയിട്ടുണ്ട്.
ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല കുരിശുമലയ്ക്കു സമീപം പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്ത് ജെസിബി ഇറക്കി മണ്ണു പാകപ്പെടുത്തിയാണ് കൃഷി നടത്തിയത്. സ്ഥലത്തിനു ചുറ്റും കാട്ടുപന്നികളുടെയും മറ്റും ശല്യം ഉണ്ടാകാതിരിക്കാൻ ഗ്രീൻനെറ്റ്കൊണ്ടു വേലിയും നിർമിച്ചിരുന്നു. വിളവ് അഞ്ചുമാസം കഴിഞ്ഞ സമയത്താണ് കഴിഞ്ഞ രാത്രി കാട്ടുപന്നികൾ കൂട്ടമായി എത്തി വേലി തകർത്ത് അകത്തുകടന്നു കൃഷി പൂർണമായും നശിപ്പിച്ചത്.
കർഷക സംഘത്തിൽ നിന്നും കുടുംബശ്രീയിൽ നിന്നും വായ്പയെടുത്തും സ്വർണം പണയം വച്ചുമാണ് ഒരു ലക്ഷത്തോളം രൂപ മുടക്കി കൃഷിയിറക്കിയിരുന്നത്. നാല് മാസം കൂടി കഴിഞ്ഞ് വിളവെടുക്കുന്പോൾ നാലു ലക്ഷത്തോളം രൂപ ലഭിക്കുമായിരുന്ന കൃഷിയാണ് ഇപ്പോൾ പൂർണമായും നഷ്ടമായിരിക്കുന്നത്.