നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്
1537431
Friday, March 28, 2025 11:04 PM IST
രാജകുമാരി: രാജകുമാരി കജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ മാതാവ് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് ചോദ്യം ചെയ്യലിൽനിന്ന് വ്യക്തമായതായി രാജാക്കാട് പോലീസ് അറിയിച്ചു. പ്രതി ജാർഖണ്ഡ് സ്വദേശിനിയായ പൂനം സോറ(21)ന്റെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നു കോടതിയിൽ ഹാജരാക്കും. പൂനം സോറന്റെ ആദ്യ ഭർത്താവ് കഴിഞ്ഞ ഡിസംബറിൽ മരിച്ചു. അതിനുശേഷമാണ് ജാർഖണ്ഡ് സ്വദേശിയായ മോത്തിലാൽ മുർമു ഇവർക്കൊപ്പം താമസമാരംഭിച്ചത്.
ഗർഭിണിയാണെന്ന വിവരം യുവതി ഇയാളിൽ നിന്ന് മറച്ചുവച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സുഖമില്ലെന്നുപറഞ്ഞ് പൂനം സോറൻ ജോലിക്കു പോയിരുന്നില്ല. ഇവർ ആരുമറിയാതെ പെണ്കുഞ്ഞിനെ പ്രസവിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചിട്ടെന്നാണ് പോലീസിന്റെ നിഗമനം. മോത്തിലാൽ മുർമുവിന് ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. കുട്ടി ഉണ്ടായ കാര്യം അറിഞ്ഞാൽ ഇയാൾ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കൃത്യം ചെയ്തതെന്ന് പൂനം സോറൻ പോലീസിനു മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ് സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളാണ് നായ്ക്കൾ കടിച്ചു വലിച്ച നിലയിൽ നവജാത ശിശുവിന്റെ ശരീരാവശിഷ്ടം കണ്ടെത്തിയത്. രാജാക്കാട് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ പൂനം സോറന്റെ കുഞ്ഞാണിതെന്ന് കണ്ടെത്തി.
മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതുകൊണ്ട് കുഴിച്ചിട്ടതാണെന്നാണ് ഇവർ ആദ്യം പോലീസിന് നൽകിയ മൊഴി. തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നവജാത ശിശുവിന്റെ ശരീരാവശിഷ്ടങ്ങൾ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. ഒൻപതു മാസം തികഞ്ഞു ജനിച്ച കുട്ടിയാണെന്ന് ശാസ്ത്രീയ പരിശോധനയിൽ വ്യക്തമായിരുന്നു. ഇതേത്തുടർന്നാണ് പോലീസ് പൂനം സോറനെ വിശദമായി ചോദ്യം ചെയ്തത്.