തൊടുപുഴയിലെ ക്വട്ടേഷൻകൊല: കൂടുതൽ തെളിവുകൾ പുറത്ത്
1537428
Friday, March 28, 2025 11:04 PM IST
തൊടുപുഴ: സാന്പത്തിക തർക്കത്തെ തുടർന്ന് തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിനെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത രണ്ടാം പ്രതി ആഷിക് ജോണ്സണെയും മറ്റു മൂന്നു പ്രതികളെയും ഒന്നിച്ചിരുത്തി നടത്തിയ ചോദ്യംചെയ്യലിലാണ് പുതിയ വിവരങ്ങൾ പോലീസിന് ലഭിച്ചതെന്നാണ് വിവരം. രണ്ടാം പ്രതി ഒഴികെയുള്ളവരുടെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു.
വാനിൽ ബലമായി കയറ്റിയ ബിജുവിനെ ആദ്യം കൊണ്ടുപോയത് ഒന്നാംപ്രതി ജോമോന്റെ കലയന്താനിയിലെ വീട്ടിലേക്കാണെന്ന് പ്രതികൾ മൊഴിനൽകി. വാനിനുള്ളിൽവച്ച് മർദനമേറ്റ ബിജു മരിച്ചെന്ന് ഇവിടെവച്ചാണ് ബോധ്യമായത്. തുടർന്നാണ് മൃതദേഹം ഗോഡൗണിലെത്തിച്ച് മാൻഹോളിൽ കുഴിച്ചുമൂടിയത്. അതിന് മുന്പ് ഇടിവള ഉപയോഗിച്ച് തുടർച്ചയായി മർദിച്ചെന്ന് പോലീസ് പറഞ്ഞു. ഇന്നലെ ജോമോന്റെ വീട്ടിലും മൃതദേഹം കണ്ടെത്തിയ ഗോഡൗണിലും ചുങ്കത്തിന് സമീപത്തെ ബിജുവിന്റെ വർക്ക്ഷോപ്പിലും പ്രതികളുമായി പോലീസ് തെളിവെടുപ്പു നടത്തി.
ജോമോന്റെ രണ്ടാമത്തെ മകൻ ഉപയോഗിച്ചിരുന്ന മുറിയിലേക്കാണു ബിജുവിനെ കൊണ്ടുവന്നത്. ഇതു ഭാര്യ കണ്ടിട്ടുണ്ടെന്നാണു പോലീസിന് ലഭിച്ച വിവരം. ഇവർക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടോയെന്ന് അന്വേഷിക്കും. മുറിയിൽവച്ച് ഇടിവള ഉപയോഗിച്ച് മർദിച്ചിരുന്നു. ഇവിടെ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുന്പോൾ ജോമോനും മൂന്നാംപ്രതി അസ്ലവും ധരിച്ചിരുന്ന ചോരപുരണ്ട വസ്ത്രവും ബിജുവിനെ മർദിക്കാൻ ഉപയോഗിച്ച രണ്ട് ഇടിവളകളും ഗോഡൗണിൽനിന്ന് കണ്ടൈടുത്തു. ഇടിവളകൾ മുഹമ്മദ് അസ്ലമിന്റെയും നാലാംപ്രതി ജോമിൻ കുര്യന്റെയുമാണെന്ന് പോലീസ് കണ്ടെത്തി.
മുറിയിലും വസ്ത്രത്തിലുമുണ്ടായിരുന്ന രക്തക്കറ ബിജുവിന്റേതാണെന്ന് ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധന നടത്തും. 20ന് പുലർച്ചെ കോലാനി പഞ്ചവടിപ്പാലത്തിനു സമീപത്തുനിന്ന് ബിജുവിനെ വാനിൽ കയറ്റിയശേഷം കൊച്ചുമറ്റം കവലയിലെ ഗോഡൗണിലേക്കു കൊണ്ടുപോകാനായിരുന്നു പദ്ധതി. യാത്രയ്ക്കിടെയാണ് വീട്ടിലേക്കു കൊണ്ടുപോകാൻ തീരുമാനിച്ചത്. വാനിൽവച്ച് മർദിച്ചതായി പ്രതികൾ നേരത്തേ സമ്മതിച്ചിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിന്റെ തലേന്ന് ആഷിക് ജോണ്സണ് ബിജുവിന്റെ വർക്ക്ഷോപ്പിലെത്തി ഇയാളുണ്ടോയെന്ന് തിരക്കിയിരുന്നു. വർക്ക്ഷോപ്പ് തൊഴിലാളികൾ പ്രതിയെ തിരിച്ചറിഞ്ഞു.