അജ്ഞാത ജീവികളുടെ ആക്രമണത്തിൽ ഫാമിലെ 2,000 കോഴികൾ ചത്തു
1537433
Friday, March 28, 2025 11:04 PM IST
രാജാക്കാട്: അജ്ഞാത ജീവികളുടെ ആക്രമണത്തിൽ ഫാമിലെ കോഴികൾ ചത്തു.
രാജാക്കാടിനു സമീപം മമ്മട്ടിക്കാനത്ത് പുറക്കുന്നേൽ നരേന്ദ്രൻ-മിനി ദന്പതികൾ നടത്തുന്ന ഗ്രാമലക്ഷ്മി പൗൾട്രി ഫാമിലാണ് അജ്ഞാത ജീവികളുടെ ആക്രമണം നടന്നത്.വ്യാഴാഴ്ച രാത്രി 11നു ശേഷമാണ് സംഭവം. 35 ദിവസം പ്രായമായ 2,000 കോഴികളെയാണ് ഒറ്റയടിക്ക് കൊന്നൊടുക്കിയത്.
ഫാമിന്റെ കന്പിമറ പൊളിച്ചാണ് അജ്ഞാത ജീവികൾ ഫാമിനുള്ളിൽ കടന്നത്. അകത്തുണ്ടായിരുന്ന മുഴുവൻ കോഴികളെയും കൊന്നിട്ടിരിക്കുകയാണ്. കുറെ എണ്ണത്തിനെ അടുത്ത പുരയിടത്തിലും കൊന്നിടുകയും ചെയ്തു. ഒരെണ്ണത്തിന് 55 രൂപ പ്രകാരം വില കൊടുത്താണ് രണ്ടായിരം കുഞ്ഞുങ്ങളെ വാങ്ങിയത്. 35 ദിവസം തീറ്റയും പരിചരണവുമായും പണം ചെലവായി. അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
വിവരമറിഞ്ഞ് രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷിന്റെ നേതൃത്വത്തിൽ വാർഡ് മെംബർ പ്രിൻസ് കന്യാക്കുഴിയും പഞ്ചായത്തിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവരറിയിച്ച പ്രകാരം ദേവികുളം ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നിർദേശപ്രകാരം ശാന്തൻപാറ ഫോറസ്റ്റർ സുനിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
വന്യജീവി ആക്രമണം ലഘൂകരണ കോ-ഓഡിനേഷൻ മെന്പർ ബുൾബേന്ദ്രനും സ്ഥലത്തെത്തി പരിശോധന നടത്തി. കുരുവിളാസിറ്റിയിൽ നിന്ന് ഡോ. വി. റെഗ്വൽ, മാങ്ങാത്തൊട്ടിയിൽ നിന്നു ഡോ. നിമിഷ എന്നിവരുടെ നേതൃത്വത്തിലുള്ള വെറ്ററിനറി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പരിശോധനകൾക്കുശേഷം ചത്ത ഏതാനും കോഴികളുടെ പോസ്റ്റ്മോർട്ടം നടത്തി. എല്ലാം കുഴിച്ചുമൂടാൻ ഫാമുടമയ്ക്ക് നിർദേശവും കൊടുത്തു.