കിണറ്റിൽ വീണ പശുക്കുട്ടിയെ രക്ഷപ്പെടുത്തി
1537432
Friday, March 28, 2025 11:04 PM IST
തൊടുപുഴ: കരിമണ്ണൂർ പന്നൂരിനു സമീപം വള്ളൂരിൽ കിണറ്റിൽ വീണ പശുക്കുട്ടിയെ തൊടുപുഴ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ഇരുപുറംകുന്നേൽ ദിലീപിന്റെ പശുക്കുട്ടി സമീപവാസിയായ കുഴിക്കാട്ടുമാലിൽ ലീലാമ്മയുടെ കിണറ്റിൽ വീഴുകയായിരുന്നു.
വീട്ടുകാർ അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചതിനെത്തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസിന്റെ നേതൃത്വത്തിൽ തൊടുപുഴയിൽനിന്നു സേനാംഗങ്ങൾ സ്ഥലത്തെത്തി.
20 അടിയോളം താഴ്ചയുള്ള കിണറ്റിൽ അഞ്ചടി വെള്ളമുണ്ടായിരുന്നു. ഫയർ ഓഫീസർമാരായ ബിബിൻ എ. തങ്കപ്പൻ, ഷിബിൻ ഗോപി എന്നിവർ കിണറ്റിൽ ഇറങ്ങി പശുക്കുട്ടിയെ റെസ്ക്യു നെറ്റിൽ സുരക്ഷിതമായി കയറ്റി മറ്റു സേനാംഗങ്ങളുടെ സഹായത്തോടെ പുറത്തെത്തിച്ചു.