ലൈസൻസില്ലാതെ വാഹനമോടിച്ചാൽ കുട്ടിക്കളി തീക്കളിയാകും
1537424
Friday, March 28, 2025 11:04 PM IST
തൊടുപുഴ: മധ്യവേനൽ അവധിക്കായി സ്കൂളുകൾ അടച്ചതോടെ കുട്ടി ഡ്രൈവർമാർ വാഹനവുമായി റോഡിലിറങ്ങിയാൽ പിടിവീഴും. ലൈസൻസില്ലാതെ കുട്ടികൾ മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടേയോ വാഹനവുമായി റോഡിലിറങ്ങാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പോലീസും മോട്ടോർവാഹന വകുപ്പും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിച്ചു പിടിക്കപ്പെട്ടാൽ ഡ്രൈവിംഗ് ലൈസൻസിന് 25 വയസുവരെ കാത്തിരിക്കേണ്ടി വരും. നിയമലംഘനം നടത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്കു റദ്ദാക്കുകയും ചെയ്യും. രക്ഷിതാവിനു പരമാവധി മൂന്നു വർഷംവരെ തടവും 25,000 രൂപവരെ പിഴയും ശിക്ഷ ലഭിക്കും. ലൈസൻസില്ലാത്ത കുട്ടികൾ വാഹനവുമായി നിരത്തിലിറങ്ങി അപകടമുണ്ടാക്കുന്നതു സംബന്ധിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടിയുമായി അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
പാലായിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച വാഹനമിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ അച്ഛനെ പ്രതിയാക്കി പോലീസ് കേസെടുക്കുകയും അപകടത്തിന് കാരണമായ വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരുവർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
18 വയസ് തികയാത്തവർ പൊതുനിരത്തിലൂടെ വാഹനം ഓടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്താൽ വാഹനത്തിന്റെ രജിസ്റ്റേർഡ് ഉടമ മോട്ടോർവാഹന നിയമമനുസരിച്ച് രണ്ടുകുറ്റവും ചെയ്തതായി കണക്കാക്കപ്പെടുകയും മൂന്നുവർഷം വരെ തടവും പിഴയും ലഭിക്കുകയും ചെയ്യും.
ഇതിനു പുറമേ നഷ്ടപരിഹാരത്തുകയും അപകടമുണ്ടാക്കിയ രജിസ്റ്റേർഡ് ഉടമ നൽകേണ്ടതായി വരും. അതിനാൽ ഇക്കാര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്. വരുംദിവസങ്ങളിൽ വാഹന പരിശോധന കർശനമാക്കുമെന്നും പോലീസ് പറഞ്ഞു.