ജില്ലാ പഞ്ചായത്ത് ഡയാലിസിസിനു നീക്കിവച്ച ഫണ്ട് പഞ്ചായത്തുകൾ നഷ്ടമാക്കി
1537430
Friday, March 28, 2025 11:04 PM IST
ഉപ്പുതറ: വൃക്ക രോഗികൾക്ക് ഡയാലിസിസ് നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് നീക്കിവച്ച ഫണ്ടിനോട് ഗ്രാമപഞ്ചായത്തുകൾക്ക് അയിത്തം. ഫണ്ട് വാങ്ങിയത് മൂന്നു പഞ്ചായത്തുകൾ മാത്രം. അടിമാലി, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകൾ മാത്രമാണ് ഫണ്ട് വാങ്ങിയത്. ജില്ലാ പഞ്ചായത്ത് നിരവധി തവണ അറിയിപ്പു നൽകിയിട്ടും മറ്റു പഞ്ചായത്തുകൾ രോഗികളുടെ വിവരം ഉൾപ്പെടെയുള്ള പ്രോജക്ട് നൽകിയില്ല.
ഒരു പഞ്ചായത്തിൽ കുറഞ്ഞത് 20ലധികം രോഗികൾ ഉള്ളതാണ്. ഒരാൾക്ക് ഒരു ഡയാലിസിസിന് 1,000 രൂപയാണ് ജില്ലാ പഞ്ചായത്ത് നൽകുന്നത്. ഒരാൾക്ക് എത്ര ഡയാലിസിസ് വേണമെന്ന് പഞ്ചായത്തുകൾ നൽകുന്ന വിവരമനുസരിച്ച് ജില്ലാപഞ്ചായത്ത് കൂടുതൽ ഫണ്ട് നൽകും. ഈ വർഷം പഞ്ചായത്തുകൾ പ്രോജക്ട് നൽകാത്തത് ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ഇരുപതോളം പഞ്ചായത്തുകൾ ആവശ്യവുമായി ജില്ലാ പഞ്ചായത്തിനെ സമീപിച്ചു. എന്നാൽ, പ്രോജക്ട് നൽകിയപ്പോഴേക്കും പദ്ധതിയുടെ പരിഗണനാ കാലാവധി കഴിഞ്ഞിരുന്നു.
2022-23 വരെ രോഗികൾക്ക് ജില്ലാപഞ്ചായത്ത് നേരിട്ടാണ് ധനസഹായം നൽകിയിരുന്നത്. ഇതിനായി മൂന്നു കോടി രൂപ ഓരോ വർഷവും ബജറ്റിൽ നീക്കി വച്ചിരുന്നു.
2023-24 മുതൽ പദ്ധതി നടപ്പാക്കാനുള്ള ചുമതല സർക്കാർ, പഞ്ചായത്തുകൾക്ക് നൽകി. ഫണ്ട് ജില്ലാ പഞ്ചായത്ത് നൽകണമെന്നും സർക്കാർ നിഷ്കർഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം 50 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് ബജറ്റിൽ ഉൾപ്പെടുത്തുകയും പഞ്ചായത്തു നൽകുന്ന പ്രോജക്ട് അനുസരിച്ച് കൂടുതൽ തുക നൽകാൻ തിരുമാനിക്കുകയും ചെയ്തു. എന്നാൽ, ജില്ലാ പഞ്ചായത്തുമായി ചേർന്നു പദ്ധതി നടപ്പിലാക്കാൻ ഗ്രാമപഞ്ചായത്തുകൾ തയാറായില്ല. ഇതുകാരണം നൂറു കണക്കിനു പാവപ്പെട്ട രോഗികൾക്കാണ് ധനസഹായം നഷ്ടമായത്.
ക്ഷയരോഗ മുക്ത പുരസ്കാരം വാങ്ങി ആരോഗ്യ മേഖലയിൽ നേട്ടം കൈവരിച്ചെന്ന് അഭിമാനിക്കുന്ന പഞ്ചായത്തുകൾപോലും വൃക്കരോഗികൾക്കുള്ള ധനസഹായം നഷ്ടമാക്കി. പണമില്ലാതെ ഡയാലിസിസ് മാറ്റിവയ്ക്കുന്ന നിരവധി രോഗികൾ ഓരോ പഞ്ചായത്തിലുമുള്ളപ്പോഴാണ് പഞ്ചായത്തുകളുടെ കൊടിയ അനാസ്ഥ.