പട്ടയ അസംബ്ലി നടത്തി
1537422
Friday, March 28, 2025 11:04 PM IST
തൊടുപുഴ: ജില്ലയിലെ പട്ടയ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി നടത്തുന്ന പട്ടയ അസംബ്ലിയുടെ തൊടുപുഴ നിയോജകമണ്ഡലതല പരിപാടി സംഘടിപ്പിച്ചു. പി.ജെ. ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തൊടുപുഴ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ വിതരണത്തിന്റെ പുരോഗതി വിലയിരുത്തി. സർവേ നടത്താൻ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതിനാൽ നടപടികളുടെ വേഗം കുറയ്ക്കുന്നതായി യോഗത്തിൽ പരാതിയുയർന്നു. എങ്കിലും പരിമിതികൾ നടപടി ക്രമങ്ങളെ ബാധിക്കാതിരിക്കാനുള്ള പരമാവധി ശ്രമത്തിലാണ് ജീവനക്കാരെന്ന് റവന്യു അധികൃതർ പറഞ്ഞു.
ഉടുന്പന്നൂർ, കരിമണ്ണൂർ, വെള്ളിയാമറ്റം, വണ്ണപ്പുറം പഞ്ചായത്തുകളിൽ പട്ടയപ്രശ്നങ്ങൾ രൂക്ഷമാണ്. കരിമണ്ണൂർ എൽഎ തഹസിൽദാരുടെ ഓഫീസിനു കീഴിലാണ് ഈ പ്രദേശങ്ങൾ ഉൾപ്പെടുന്നത്. പട്ടയത്തിനായി അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുകയാണെങ്കിലും എൽഎ ഓഫീസിൽ നിന്നും തുടർനടപടികൾ ഉണ്ടാകുന്നില്ലെന്ന പരാതി ജനപ്രതിനിധികൾക്കും അപേക്ഷകർക്കുമുണ്ട്. പൂമാല അടക്കമുള്ള പ്രദേശങ്ങളിൽ പട്ടിക വർഗ വിഭാഗത്തിനും ജനറൽ വിഭാഗത്തിനും പട്ടയമില്ലാത്തത് പ്രതിസന്ധിയായി തുടരുകയാണ്. ആദിവാസി വിഭാഗങ്ങൾക്കിടയിൽ ജനറൽ വിഭാഗത്തിനും ഭൂമിയുള്ളത് റവന്യൂ ഉദ്യോഗസ്ഥരെയും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
തൊടുപുഴ നഗരസഭാ ചെയർപേഴ്സണ് ഇൻ ചാർജ് പ്രഫ. ജെസി ആന്റണി നഗരസഭാ മുപ്പതാം വാർഡിൽ ഉൾപ്പെടുന്ന ലക്ഷംവീട് കോളനിയിലുള്ളവർക്കു പട്ടയം കിട്ടാത്ത വിഷയം ചൂണ്ടിക്കാണിച്ചു.
ആലക്കോട് പഞ്ചയത്തിലെ ഒൻപത്, പത്ത് വാർഡുകളിൽ താമസിക്കുന്ന 70 കുടുംബങ്ങൾക്ക് പട്ടയം നൽകണമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ആവശ്യപ്പെട്ടു. ജില്ലാ പട്ടയ അസംബ്ലി നോഡൽ ഓഫീസർ അതുൽനാഥ്, കരിമണ്ണൂർ എൽഎ തഹസിൽദാർ വിപിൻ ഭാസ്ക്കർ, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.