മുഖ്യപ്രതി അനന്തുകൃഷ്ണനെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി
1537420
Friday, March 28, 2025 11:04 PM IST
കട്ടപ്പന: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതി അനന്തുകൃഷ്ണനെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി. അനന്തുവിനെ രണ്ടു ദിവസം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. കട്ടപ്പന, തങ്കമണി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളില്‍ ചോദ്യം ചെയ്യുന്നതിനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകിയത്. അഞ്ചു കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക കണക്ക്.
പാതിവിലയ്ക്ക് സ്കൂട്ടറും മറ്റു ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് അനന്തുകൃഷ്ണനും സംഘവും നടത്തിയ തട്ടിപ്പില്‍ ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നൂറുകണക്കിനാളുകളാണ് പരാതി നല്‍കിയത്. കട്ടപ്പന സ്റ്റേഷനില്‍ ലഭിച്ചതില്‍ വ്യക്തിഗത പരാതികളും മാസ് പെറ്റീഷനുകളും ഉള്‍പ്പെടുന്നു. രണ്ടാംഘട്ടത്തില്‍ ജില്ലയില്‍നിന്ന് 36 കോടിയിലേറെ രൂപയാണ് സീഡ് സൊസൈറ്റികള്‍ വഴി പിരിച്ചെടുത്തത്. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോ-ഓര്‍ഡിനേറ്ററും സെക്രട്ടറിയുമായ തൊടുപുഴ കുടയത്തൂര്‍ ചൂരക്കുളങ്ങര അനന്തുകൃഷ്ണന് നിര്‍ദേശിച്ച അക്കൗണ്ടുകളിലാണ് പണം നിക്ഷേപിച്ചതെന്നാണ് സീഡ് സൊസൈറ്റി ഭാരവാഹികള്‍ പറയുന്നത്.