കട്ടപ്പന നഗരസഭാ ബജറ്റ്
1537126
Thursday, March 27, 2025 11:48 PM IST
കട്ടപ്പന : നഗരസഭയുടെ 2025 -26 വർഷത്തെ ബജറ്റ് നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി അവതരിപ്പിച്ചു. 101,33,02,503 രൂപ വരവും 93,43,29,703 രൂപ ചെലവും 7,89,72,800 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കട്ടപ്പന താലൂക്ക് ആശുപത്രിയെ ഘട്ടംഘട്ടമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതിന് 75 ലക്ഷം രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
മാലിന്യ സംസ്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകി സ്ഥലപരിമിതി പരിഹരിക്കുന്നതിന് 20 ലക്ഷം രൂപ വകയിരുത്തി. തൊടുപുഴ - പുളിയന്മല നാഷണൽ ഹൈവേയിൽ കമ്പനിപ്പടിയിൽ താമസിക്കുന്ന സ്വന്തമായി വീടോ സ്ഥലമോ മറ്റ് ആവാസ വ്യവസ്ഥകളോ ഇല്ലാത്ത ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സ്ഥലം വാങ്ങുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തി. നഗരപ്രദേശങ്ങളിലും ഗ്രാമങ്ങളിലും എൽഇഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി 20 ലക്ഷം രൂപ വകയിരുത്തി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഇരുപത്തി രണ്ട് ലക്ഷം രൂപ വകയുരുത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സിസിടിവി, എഐ കാമറകൾ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തി. കർഷകരുടെ വിവിധ പദ്ധതികൾക്കായി 28 ലക്ഷം രൂപയും ജലസേചന പമ്പ് സെറ്റ് വിതരണത്തിനായി 17 ലക്ഷം രൂപയും പച്ചക്കറി തൈ വിതരണത്തിന് രണ്ടു ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ക്ഷീര കർഷകർക്ക് ഇൻസെന്റീവ് നൽകുന്നതിനായി 20 ലക്ഷം രൂപയും കൃഷിഭവൻ നിർമാണത്തിനായി 15 ലക്ഷം രൂപയും വകയിരുത്തി. കല്യാണത്തണ്ട് ടൂറിസം പദ്ധതിക്കായി 30 ലക്ഷം രൂപ ഉൾക്കൊള്ളിച്ചു. വനിതകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് സബ്സിഡി നൽകുന്നതിന് 30 ലക്ഷത്തി അറുപതിനായിരം രൂപ വകയിരുത്തി.
മുൻസിപ്പൽ ഓഫീസിന് മുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിനായി 10 ലക്ഷം രൂപ വകയിരുത്തി.