ചൂരൽമല, മുണ്ടക്കൈ ദുരിത ബാധിതർക്ക് 150 വീടുകൾ നാഷണൽ സർവീസ് സ്കീം നിർമിച്ചു നൽകും
1537124
Thursday, March 27, 2025 11:48 PM IST
പീരുമേട്:സംസ്ഥാനതല നാഷണൽ സർവീസ് സ്കീം വയനാട് ചൂരൽമല, മുണ്ടക്കൈ ദുരിത ബാധിതർക്ക് 150 വീടുകൾ നിർമിച്ചു നൽകും. ഇതിനുള്ള ധനസമാഹരണ യജ്ഞത്തിൽ വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് കോളജ് എൻഎസ്എസ് യൂണിറ്റും കൈകോർത്തു.
പായസം ചലഞ്ച്, കേക്ക് ചലഞ്ച്, സ്ക്രാപ്പ് ചലഞ്ച് എന്നിവയിലൂടെയാണ് തുക സമാഹരിച്ചത്. എൻഎസ്എസ് ടെക്നിക്കൽ സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജയൻ പി. വിജയൻ മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ കോളജ് പ്രിൻസിപ്പൽ ബി. അഞ്ജു 50,000 രൂപയുടെ ചെക്ക് കൈമാറി.
ഇതിനോടൊപ്പം നടന്ന ലഹരിക്കെതിരേയുള്ള ജനജാഗ്രത സദസിൽ കുമളി എഫ്എച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ പി. മാടസ്വാമി ലഹരി ബോധവത്കരണ ക്ലാസ് നയിച്ചു. ലഹരി വിരുദ്ധ ദീപം തെളിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു.
നവകേരള മിഷന്റെ ഭാഗമായുള്ള ഹരിത കാമ്പസായി കോളജിനെ പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീലാ കുളത്തിങ്കൽ നിർവഹിച്ചു.
കോളജ് കെമിസ്ട്രി ലക്ചറർ ഡോ. ഗ്രേസ് മോനി ഹരിത കാമ്പസ് പദ്ധതി വിശദീകരിച്ചു.
യോഗത്തിൽ കോളജ് പ്രിൻസിപ്പൽ ബി.അഞ്ജു അധ്യക്ഷത വഹിച്ചു.
നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ജയൻ പി. വിജയൻ, പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ എം. ഗണേഷ്, പീരുമേട് സിവിൽ എക്സൈസ് ഓഫീസർ ശശികല, പഞ്ചായത്ത് വാർഡ് മെംബർ പ്രിയങ്ക മഹേഷ്, കോളജ് പിടിഎ പ്രസിഡന്റ് ജോൺസൺ ആന്റണി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഇർഷാദ് ഖാദർ, അസോസിയേറ്റ് പ്രോഗ്രാം ഓഫീസർ എലിസബത്ത് പയസ് എന്നിവർ പ്രസംഗിച്ചു.