തദ്ദേശ-സഹകരണ തെരഞ്ഞെടുപ്പ്: ജനാധികാര ജനമുന്നേറ്റ കണ്വൻഷൻ നടത്തും
1537123
Thursday, March 27, 2025 11:48 PM IST
തൊടുപുഴ: ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളാണെന്നും ഇവ രാഷ്ട്രീയമുക്തമാകണമെന്നും മുൻ എംപിയും നാഷണൽ കണ്‍സ്യൂമർ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ മുൻ വൈസ് പ്രസിഡന്റുമായ അഡ്വ. തന്പാൻ തോമസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരിശീലനം ലഭിച്ച സ്വതന്ത്രർ തെരഞ്ഞെടുക്കപ്പെടണമെന്നും ഇവർ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനസേവനം മുൻ നിർത്തി പ്രവർത്തിക്കുന്നവരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമരകാലയളവിൽ ഗാന്ധിജിയുടെ സ്വപ്നമായിരുന്നു ഓരോ ഗ്രാമങ്ങളും സ്വയം പര്യാപ്തമാകണമെന്നത്. ഭരണഘടനാ ശില്പിയായ ഡോ. അംബേദ്കർ നിർദേശക തത്വങ്ങളിൽ പഞ്ചായത്തുകളെ സ്വയംഭരണ സ്ഥാപനം എന്ന നിലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ജയപ്രകാശ് നാരായണ്‍, ഡോ. റാംമനോഹർ ലോഹ്യ എന്നിവർ ഗാന്ധിയൻ ദർശനങ്ങളെ ഉൾക്കൊണ്ട് തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തണമെന്ന് വാദിച്ചവരായിരുന്നു. തെരഞ്ഞെടുത്ത ജനപ്രതിനിധികളെ പിൻവലിക്കാനുള്ള അവകാശം ഗ്രാമസഭകൾക്കുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ വീക്ഷണം.
പഞ്ചായത്തുകൾ, ബ്ലോക്കുകൾ, കളക്ടറേറ്റ്, സംസ്ഥാനം എന്നീ ഭരണസംവിധാനങ്ങളിലൂടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ജവഹർലാൽ നെഹ്റു ശ്രമിച്ചത്. പഞ്ചായത്ത് രാജ്-നഗരപാലിക നിയമങ്ങളും സഹകരണസംഘ നിയമങ്ങളും പ്രാബല്യത്തിൽ വന്നതോടെ വികസന രംഗത്ത് തദ്ദേശ സ്ഥാപനങ്ങൾക്കും സഹകരണ മേഖലയ്ക്കുമുള്ള പങ്ക് നിർണായകമാണ്.
ഇന്നു സഹകരണ സംഘങ്ങളിൽ നടക്കുന്ന കൊള്ളയും ഫണ്ട് ദുർവിനിയോഗവും നിയമനങ്ങളും രാഷ്ട്രീയത്തിന്റെ അതിപ്രസരംമൂലം ഉണ്ടാകുന്നതാണ്.
തദ്ദേശ സ്ഥാപനങ്ങളും സഹകരണ സ്ഥാപന തെരഞ്ഞെടുപ്പുകളും കക്ഷിരഹിതമാക്കുന്നതിനു വേദി സൃഷ്ടിക്കുന്നതിനു മെയ് 17നു എറണാകുളത്ത് ജനാധികാര ജനമുന്നേറ്റം എന്ന പേരിൽ വിപുലമായ കണ്വൻഷൻ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തിൽ അഡ്വ. ജോണ്‍ ജോസഫ്, വി.എൻ.നിത്യാനന്ദൻ എന്നിവരും പങ്കെടുത്തു.