ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ പ്രവർത്തനം സ്തംഭിച്ചു
1537117
Thursday, March 27, 2025 11:48 PM IST
തൊടുപുഴ: ഉപഭോക്താക്കളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ. കഴിഞ്ഞ ഡിസംബർ മുതൽ പരാതികൾ പരിഹരിക്കാനുള്ള സിറ്റിംഗ് നടക്കുന്നില്ല. പരാതികൾക്ക് പരിഹാരം കാണേണ്ട ജഡ്ജിംഗ് പാനലിലെ അംഗങ്ങളുടെ ഒഴിവു നികത്താത്തതിനാലാണ് ജില്ലയിൽ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ സിറ്റിംഗ് നിലച്ചത്.
ജില്ലാ ജഡ്ജിക്ക് തുല്യമായ പദവിയുള്ള പ്രസിഡന്റും രണ്ടംഗങ്ങളും ഉൾപ്പെട്ടതാണ് ജഡ്ജിംഗ് പാനൽ. പ്രസിഡന്റും ഒരംഗവും ഉണ്ടെങ്കിൽ സിറ്റിംഗ് നടത്താം. എന്നാൽ തൃശൂർ സ്വദേശിയായ പ്രസിഡന്റ് മാത്രമാണ് നിലവിലുള്ളത്. സിറ്റിംഗ് മുടങ്ങിയതിനാൽ കമ്മീഷനു മുന്നിലെത്തിയ നൂറുകണക്കിന് അപേക്ഷകൾ പരിഹാരം കാണാതെ കെട്ടിക്കിടക്കുകയാണ്. പുതിയ അംഗങ്ങളെ എന്നു നിയമിക്കുമെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
ഉത്പന്നങ്ങൾ വാങ്ങുന്പോഴും മറ്റ് ഇടപാടുകൾ നടത്തുന്പോഴും കബളിക്കപ്പെടുകയോ ചൂഷണം ചെയ്യപ്പെടുകയോ ചെയ്താൽ ഉപഭോക്താവിന് കമ്മീഷനെ സമീപിച്ച് വിൽപ്പനക്കാരനും സേവന ദാതാവിനും എതിരേ കേസ് ഫയൽ ചെയ്യാം. കേടായ ഉത്പന്നങ്ങൾ നൽകുക, സേവനത്തിലെ പോരായ്മ, ദോഷകരമായ സാധനങ്ങൾ നൽകുക, അമിത വില ഈടാക്കുക തുടങ്ങി ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന സാഹചര്യത്തിൽ ഇവർക്ക് ഉപഭോക്തൃ കമ്മീഷനെ സമീപിച്ച് കേസ് നൽകാം. ഉപഭോക്താവിന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ പരാതി സമർപ്പിക്കാം. ഇത്തരത്തിലുള്ള തർക്കങ്ങൾ വേഗത്തിൽ പരിഹരിച്ച് ഉപഭോക്താവിന് നഷ്ടപരിഹാരവും മറ്റും വാങ്ങിക്കൊടുക്കുകയാണ് കമ്മീഷൻ സിറ്റിംഗിലൂടെ നടന്നുവരുന്നത്.
അഞ്ചു വർഷമാണ് അംഗങ്ങളുടെ കാലാവധി. ഇടുക്കി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഒരംഗത്തിന്റെ ഒഴിവ് കാലങ്ങളായി നികത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബർ അഞ്ചിന് രണ്ടാമത്തെ അംഗവും അഞ്ചു വർഷം പൂർത്തിയായതിനെത്തുടർന്ന് പദവിയിൽനിന്ന് ഒഴിവായി. കാലാവധി പൂർത്തിയാക്കുന്നവർക്ക് പിന്നീട് നിയമനം നൽകില്ല.
ഇതേത്തുടർന്നാണ് സിറ്റിംഗ് പൂർണമായും നിലച്ചത്. പ്രസിഡന്റിനു മാത്രമായി സിറ്റിംഗ് നടത്താനും കഴിയില്ല. പൈനാവിലെ ജില്ലാ ആസ്ഥാനത്തു നടത്തുന്ന സിറ്റിംഗിനു പുറമെ ഉപഭോക്താക്കളുടെ സൗകര്യാർഥം തൊടുപുഴ മുട്ടം കോടതി സമുച്ചയത്തിൽ മൂന്നും കട്ടപ്പനയിൽ ഒരു തവണയും സിറ്റിംഗ് എല്ലാ മാസവും നടത്തിവരാറുണ്ട്. ഇതെല്ലാം നിലച്ചിരിക്കുകയാണ്.
സിറ്റിംഗ് നിലച്ചതിനാൽ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെ സഹകരണത്തോടെ മാസത്തിൽ ഒരു അദാലത്ത് മാത്രമാണ് നടത്തുന്നത്. എല്ലാ മാസവും അവസാനത്തെ ശനിയാഴ്ചയാണ് ഇതു നടത്തുന്നത്. എന്നാൽ ഈ അദാലത്തിൽ ചുരുക്കം പരാതികളിൽ മാത്രമാണ് പരിഹാരം കാണാൻ കഴിയുന്നത്. ദിനംപ്രതി കമ്മീഷനു മുന്നിൽ പരാതികളെത്തുന്പോഴാണ് മൂന്നും നാലും പരാതികളിൽ മാത്രം തീർപ്പു കൽപ്പിക്കപ്പെടുന്നത്.
വിവിധ ഉത്പന്നങ്ങൾ വാങ്ങി കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കളുടെ ആശ്രയമായിരുന്നു ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. എന്നാൽ ഇതിനുമുന്നിൽ പരാതികളുമായെത്തുന്നവർ നിരാശരായി മടങ്ങുകയാണ്. അടിയന്തരമായി കമ്മീഷൻ അംഗങ്ങളെ നിയോഗിച്ച് സിറ്റിംഗ് നടപടികൾ കാര്യക്ഷമമാക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.