സാഹസികതയിൽ താത്പര്യമുള്ള യുവതലമുറയെ വികസന പ്രവർത്തനത്തിൽ പങ്കാളികളാക്കും: മന്ത്രി സജി ചെറിയാൻ
1537110
Thursday, March 27, 2025 11:48 PM IST
മൂന്നാർ : സാഹസികത ഇഷ്ടപ്പെടുന്ന ചെറുപ്പക്കാർക്ക് ശാസ്ത്രീയമായ പരിശീലനം നൽകി സമൂഹത്തിന് ഉപയോഗപ്പെടുത്താൻ അവരെ പര്യാപ്തമാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. മൂന്നാർ ദേവികുളത്ത് സാഹസിക അക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
അക്കാദമിയെ ദേശീയനിലവാരത്തിലെത്തിക്കാൻ എല്ലാ വിധ പരിശ്രമങ്ങളും നടത്തുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം പോലെതന്നെ പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന ഇടങ്ങളാണ് കടലോരം, സമതലം, മലയോരം. എന്ത് ചെയ്യണമെന്ന് അറിയാതെ കഴിയുന്ന ധാരാളം ചെറുപ്പക്കാരുണ്ട്. ഇവരെ ടൂറിസം രംഗത്ത് എത്തിക്കുന്നതിന് നടപടി ഉണ്ടാകണം.
ഈ കാര്യത്തിൽ അക്കാദമിക്ക് നല്ല പങ്ക് വഹിക്കാൻ കഴിയണം - മന്ത്രി പറഞ്ഞു. 16592 ചതുരശ്ര അടിയിൽ 9.63 കോടി രൂപയാണ് പുതിയ നിർമാണത്തിനായി വകയിരുത്തിയിട്ടുള്ളത്. എന്നാൽ, കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിനും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും 11 കോടി രൂപയോളം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദ സഞ്ചാര മേഖലയായ മൂന്നാറിലെ ജനങ്ങളുടെ ദീർഘ നാളത്തെ ആഗ്രഹമായ തിയറ്റർ എന്ന ആവശ്യം സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് നടപ്പാക്കും. ദേവികുളത്ത് സർക്കാരിന്റെ ഒന്നര ഏക്കർ സ്ഥലത്ത് ഹാച്ചറി, അക്വാ പാർക്ക് എന്നിവ നിർമിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി സജി ചെറിയാൻ പറഞ്ഞു.
അഡ്വ. എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു. യുവജന ക്ഷേമബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ്, കേരള ബാങ്ക് ഡയറക്ടർ കെ.വി. ശശി, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് മിൻസി റോബിൻസണ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. എം. ഭൗവ്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. നാരായണൻ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ വി. എസ്. ബിന്ദു, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ രമേഷ് കൃഷ്ണൻ, യുവജന ക്ഷേമബോർഡ് അംഗ സെക്രട്ടറി വി.ഡി. പ്രസന്നകുമാർ എന്നിവർ പ്രസംഗിച്ചു.