സമരം അടിച്ചമർത്താനുള്ള ശ്രമം നടക്കില്ല: എസ്. അശോകൻ
1536933
Thursday, March 27, 2025 6:15 AM IST
തൊടുപുഴ: ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും ദിവസവേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ നടത്തുന്ന സമരത്തെ അടിച്ചമർത്താനുള്ള ശ്രമം നടക്കില്ലെന്ന് കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ പറഞ്ഞു.
മുനിസിപ്പൽ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയ്ക്കു മുന്നിൽ ആശാ വർക്കർമാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തമിഴ്നാട്ടിൽ ആശാ വർക്കർമാരുടെ പ്രതിമാസ വേതനം 26,000 രൂപയായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ സമരം ചെയ്യുന്പോഴാണ് കേരളത്തിലെ ആശാവർക്കർമാരുടെ പ്രതിമാസ വേതനം 7000 രൂപയിൽ നിന്ന് 21,000 വർധിപ്പിക്കണമെന്ന ആവശ്യത്തെ പരിഗണിക്കാതെ പരിഹസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.എച്ച്. സജീവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ മുഖ്യപ്രഭാഷണം നടത്തി, ഷിബിലി സാഹിബ്, എൻ.ഐ. ബെന്നി, രാജേഷ് ബാബു, കെ. ദീപക്, ജാഫർഖാൻ മുഹമ്മദ്, കെ.ജി. സജിമോൻ, റോബിൻ മൈലാടി, സുരേഷ് രാജു, ടി. പി. ദേവസ്യ, കെ. പി. റോയി, എം.കെ.ഷാഹുൽഹമീദ്, ജോർജ് ജോണ് തുടങ്ങിയവർ പ്രസംഗിച്ചു.