തൊടുപുഴ കൊലപാതകം: പ്രതി ആഷിക്കിനെ കസ്റ്റഡിയിൽ വാങ്ങും
1536931
Thursday, March 27, 2025 6:15 AM IST
തൊടുപുഴ: സാന്പത്തിക തർക്കത്തെത്തുടർന്ന് തൊടുപുഴ ചുങ്കം മുളയിങ്കൽ ബിജു ജോസഫിനെ കൊലപ്പെടുത്തി മാൻഹോളിൽ തള്ളിയ സംഭവത്തിൽ രണ്ടാം പ്രതിയായ വടക്കേക്കര പൊയ്യാതുരുത്തിൽ ആഷിക് ജോണ്സന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാപ്പ കേസിൽ റിമാൻഡ് ചെയ്യപ്പെട്ട് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുകയാണ് ആഷിക്. തൊടുപുഴ പോലീസ് ജയിലിലെത്തിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയെ ഇന്നു തൊടുപുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. തുടർന്ന് തൊടുപുഴ പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് തട്ടിക്കൊണ്ടുപോകലും കൊലപാതകവും നടന്നയിടങ്ങളിൽ ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതക സമയത്തു പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും മറ്റും കണ്ടെത്താനുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ എസ്ഐ എൻ.എസ്. റോയി പറഞ്ഞു. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള മറ്റു പ്രതികളെയും ഇയാളെയും കൂട്ടി കൂടുതൽ തെളിവുകൾ ശേഖരിക്കും.
ബിജുവിനെ ക്രൂരമായി മർദിച്ചത് കാപ്പ കേസിൽ പ്രതിയായ ആഷിക് ജോണ്സനാണെന്ന് മറ്റു പ്രതികൾ പോലീസിനു മൊഴി നൽകിയിരുന്നു. തട്ടിക്കൊണ്ടു പോകുന്നതിനിടെ കഴുത്തിനു ചവിട്ടിപ്പിടിക്കുകയും തലയ്ക്കടിക്കുകയും ചെയ്തു. ഈ മർദനത്തെ തുടർന്നാണ് ബിജുവിന്റെ മരണം സംഭവിച്ചത്.
കാപ്പ കേസിൽ പറവൂർ വടക്കേക്കര പോലീസിനെ വെട്ടിച്ച് കലയന്താനി ചെത്തിമറ്റത്തെ കേറ്ററിംഗ് സ്ഥാപനത്തിന്റെ ഗോഡൗണിൽ ഒളിവിൽ കഴിയുകയായിരുന്നു ആഷിക്. ഇതിനിടെയാണ് ഇയാൾ ബിജുവിന്റെ കൊലപാതകത്തിൽ പങ്കാളിയായത്.
ഇയാളുടെ മൊബൈൽ ഫോണ് ലൊക്കേഷൻ കണ്ടെത്തിയ വടക്കേക്കര പോലീസ് തൊടുപുഴ പോലീസിൽ അറിയിച്ചതിനെത്തുടർന്ന് ഇവരെത്തിയാണ് പ്രതിയെ പിടികൂടിയത്. ഗോഡൗണിന്റെ മാലിന്യക്കുഴിയുടെ മാൻഹോളിൽ പ്രതികൾ ബിജുവിന്റെ മൃതദേഹം തള്ളുന്ന സമയത്താണ് പോലീസ് ഇവിടെ എത്തിയതെങ്കിലും ആഷിക്കിനെ കസ്റ്റഡിയിലെടുത്തതോടെ ഇവർ മടങ്ങി.
ഈ സമയം കൊലപാതകത്തെക്കുറിച്ചു സൂചന പോലും ലഭിച്ചിരുന്നില്ല. പിന്നീടു കേസിലെ മുഖ്യപ്രതി ദേവമാതാ കേറ്ററിംഗ് ഉടമ കലയന്താനി തേക്കുംകാട്ടിൽ ജോമോനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൽ ആഷിക്കിന്റെ പങ്ക് വ്യക്തമായത്.