ചായം കുടയാതെ, കുത്തിവരയ്ക്കാതെ ആർദ്രപാഠങ്ങളുടെ വഴിയേ...
1536930
Thursday, March 27, 2025 6:15 AM IST
തൊടുപുഴ: പരീക്ഷകൾ അവസാനിക്കുന്ന ദിവസം വിദ്യാലയങ്ങളിൽ നടക്കുന്ന ന്യൂജെൻ ആഘോഷങ്ങൾ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ ഇല്ലാതായിട്ട് മൂന്നു വർഷം.
യൂണിഫോമുകളിൽ ചായം കലക്കി ഒഴിച്ചും പേരെഴുതിയും കുത്തിവരച്ചും ഉപയോഗശൂന്യമാക്കുന്ന ആഘോഷങ്ങൾ ഇവിടെയില്ല. പകരം കരുണയുടെയും സഹവർത്തിത്വത്തിന്റെയും പാഠങ്ങൾ പങ്കുവച്ചുള്ള ആഘോഷമാണിവിടെയുള്ളത്.
പരീക്ഷ കഴിഞ്ഞ് സ്നേഹം പങ്കുവച്ച് വീടുകളിലേക്കു മടങ്ങുന്ന കുട്ടികൾ പിറ്റേന്ന് സ്കൂളിൽ മടങ്ങിയെത്തുന്പോൾ വൃത്തിയായി കഴുകി ഉണങ്ങി, ഇസ്തിരിയിട്ട ഉപയോഗയോഗ്യമായ യൂണിഫോമുകളും കൈവശമുണ്ടാകും.
സാന്പത്തിക പ്രയാസമനുഭവിക്കുന്ന അനുജന്മാർക്കും അനുജത്തിമാർക്കുമായി സീനിയേഴ്സിന്റെ ഒരു കുഞ്ഞു കരുതൽ. കഴിഞ്ഞ രണ്ടു വർഷമായി 400-ലധികം ജോഡി യൂണിഫോമുകളാണ് സ്കൂളിൽ സമാഹരിച്ച് വിതരണം ചെയ്തത്. സഹജീവി സ്നേഹത്തിന്റെ ഈ ആർദ്രപാഠത്തിന് വിദ്യാർഥികൾക്ക് എല്ലാപിന്തുണയുമായി പ്രിയ അധ്യാപകരും രക്ഷിതാക്കളും ഒപ്പമുണ്ട്.