റോഡിനു നടുവിൽ ഇറക്കിയിട്ട മെറ്റൽ കൂനയിൽ കയറി കാർ മറിഞ്ഞു
1536921
Thursday, March 27, 2025 6:08 AM IST
കുഞ്ചിത്തണ്ണി: പൊട്ടൻകാട്-കുഞ്ചിത്തണ്ണി റോഡിൽ ഇരുപതേക്കർ ലത്തീൻ പള്ളിക്കു സമീപം കൊടുംവളവിൽ റോഡിനു നടുവിൽ കൂട്ടിയിട്ടിരുന്ന മെറ്റലിലും മണലിലും കയറി കാർ തലകീഴായി മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു.
ബൈസണ്‍വാലി പഞ്ചായത്തിലെ മുൻ ജീവനക്കാരനും ഇരുപതേക്കർ സ്വദേശിയുമായ കുഴിക്കാട്ടുമറ്റത്തിൽ ശിവദാസി(58)നാണ് പരിക്കേറ്റത്.ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിനായിരുന്നു അപകടം നടന്നത്.
ലാറ്റിൻ പള്ളിക്കു സമീപത്തു കൂടിയുള്ള പൊട്ടൻകാട് പഴയ റോഡിന്റെ കോണ്‍ക്രീറ്റിംഗിനു വേണ്ടി കരാറുകാരൻ പൊട്ടൻകാട്-കുഞ്ചിത്തണ്ണി പ്രധാന റോഡിന്റെ നടുവിലാണ് മെറ്റലും മണലും ഇറക്കിയിട്ടത്. രണ്ടു ദിവസം കൊണ്ട് നാല് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അഞ്ചു വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു. കാറപകടം നടന്നതിനു ശേഷം നാട്ടുകാർ സ്ഥലത്തു കൂടിനിന്ന് റോഡിനു നടുവിൽ പണി സാധനങ്ങൾ ഇട്ടതിൽ പ്രതിഷേധിച്ചു.