ജലവിഭവ വകുപ്പിന്റെ ജനദ്രോഹ ഉത്തരവുകൾ പിൻവലിക്കണം: ബിജോ മാണി
1536919
Thursday, March 27, 2025 6:08 AM IST
കട്ടപ്പന: ജലവിഭവ വകുപ്പിന്റെ ജനദ്രോഹ ഉത്തരവുകൾ പിൻവലിക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു. ഡാമുകൾക്കുചുറ്റും ബഫർ സോണ്‍ നടപ്പാക്കിയതിന് പുറമേ ഇപ്പോൾ കൂടുതൽ സ്ഥലങ്ങളിലേക്കു ബഫർ സോണ്‍ ഉത്തരവ് വ്യാപിപ്പിച്ച് ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ജനുവരി 20നാണ് ഇതു സംബന്ധിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കിയത്. 2021 ലെ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന മുഴുവൻ ഡാമുകളിലും ഈ ഉത്തരവ് ബാധകമാണ്. കൂടാതെ ജലവിഭവവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ടണൽ, ബണ്ട്, കനാലുകൾ, തടയണകൾ, നദികൾ, അരുവികൾ, തടാകങ്ങൾ, കൈത്തോടുകൾ, കുളം, വാട്ടർ ടാങ്കുകൾ എന്നിവക്കു ചുറ്റും ഈ ഉത്തരവ് പ്രകാരം ബഫർ സോണ്‍ ഉണ്ട്.
ഒരു കിലോമീറ്റർ മുതൽ 30 മീറ്റർ വരെയാണ് ബഫർ സോണിന് പരിധി നിശ്ചയിച്ചിരിക്കുന്നത്. സി എച്ച് ആറിന്റെ പരിധിയിലുള്ള 26 വില്ലേജുകളിലും ഖനനം നിരോധിച്ചിരിക്കുകയാണ്. ഇതുകൂടാതെ ജലവിഭവ വകുപ്പിന്റെ നിയന്ത്രണംകൂടി വരുന്നതോടെ ഖനന പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെടും.
നിർമാണസാമഗ്രികളുടെ ദൗർലഭ്യം പരിഹരിക്കാൻ ജില്ലയിൽ പാറഖനനത്തിന് അനുമതി നൽകണമെന്നവശ്യപ്പെട്ട് സമരം നടത്തുന്ന സിപിഎം, ഖനന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഇടതുസർക്കാർ ഇറക്കിയ ഈ ഉത്തരവിനെക്കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു.
കുടിവെള്ളത്തിനും ജലസേചനത്തിനുമായി ഒട്ടേറെ കുളങ്ങളും ചെക്കുഡാമുകളും ടാങ്കുകളും സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ ജലവിഭവ വകുപ്പ് നിർമിച്ചിട്ടുണ്ട്. ഈ നിർമിതികളുടെ ചുറ്റും ബഫർ സോണ്‍ വരും. ഫലത്തിൽ കൃഷിഭൂമിയും ബഫർ സോണ്‍ പരിധിയിലാകും. ഒരേക്കർ ഭൂമിയുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ 30 മീറ്റർ ചുറ്റളവിൽ ബഫർ സോണ്‍ വന്നാൽ പിന്നെ ബാക്കി എത്ര സ്ഥലം ഉണ്ടാകും എന്ന് ആലോചിച്ചാൽതന്നെ അപകടം വ്യക്തമാണ്.
സ്വന്തം സർക്കാരിന്റെ ജനദ്രോഹ നടപടികൾ തിരുത്താൻ നടപടി സ്വീകരിക്കാതെ സിപിഎം സമരം നടത്തുന്നത് പരിഹാസ്യമാണെന്നും ബിജോ മാണി, ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ എന്നിവർ ആരോപിച്ചു.