ആലുവ-മൂന്നാർ രാജപാത ; കത്തോലിക്ക കോൺഗ്രസിന്റെ ഡിഎഫ്ഒ ഓഫീസ് ഉപരോധം ഇന്ന്
1536440
Tuesday, March 25, 2025 11:59 PM IST
ചെറുതോണി: കോതമംഗലം മുൻ രൂപതാധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരേ കേസെടുത്ത വനംവകുപ്പ് നടപടി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.30ന് പൈനാവ് വെള്ളാപ്പാറ ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കും.
എംപി, എംഎൽഎമാർ, പ്രാദേശിക ജനപ്രതിനിധികൾ, സാമുദായിക- സാംസ്കാരിക സംഘടന നേതാക്കൾ എന്നിവരെല്ലാമുൾപ്പെട്ട കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ ആയിരക്കണക്കിന് ജനങ്ങൾക്കൊപ്പം പങ്കെടുത്തു എന്നതിന്റെ പേരിൽ വനം വകുപ്പ് കേസെടുത്തിരിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണ്. വനഭൂമിയിൽ അതിക്രമിച്ചു കയറി, വനംവകുപ്പിന്റെ ബാരിക്കേടുകൾ നശിപ്പിച്ചു, വന്യജീവികൾക്ക് അസ്വസ്ഥത ഉണ്ടാക്കി, വനംവകുദ്യോഗസ്ഥരുടെ സ്വൈര ജീവിതം തകർത്തു എന്നിങ്ങനെയുള്ള കുറ്റങ്ങൾ ആരോപിച്ച് കേസെടുത്തിരിക്കുന്ന വനംവകുപ്പിനെ നിലയ്ക്കുനിർത്താൻ സർക്കാർ തയാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജില്ലയിലെ ഏറ്റവും വിദൂരവും അവികസിതവുമായ മാങ്കുളം, ആനക്കുളം പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ ചെന്നെത്താൻ കഴിയുന്നതും ഇന്ത്യയിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലേക്ക് ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരാൻ കഴിയുന്നതുമായ ആലുവ - മൂന്നാർ റോഡിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ച് കൈയേറിയിരിക്കുന്നത് വനംവകുപ്പാണ്.
പിഡബ്ല്യുഡി, റവന്യു രേഖകളിലെല്ലാം റോഡ് എന്ന് ചേർത്തിരിക്കുന്നതും അതിരുകൾ നിശ്ചയിച്ചിട്ടുള്ളതുമായ റോഡ് കഴിഞ്ഞ കുറെ കാലമായി വനംവകുപ്പ് അന്യായമായി കൈവശം വച്ചിരിക്കുകയാണ്. രാജപാതയിലെ വനംവകുപ്പിന്റെ കൈയേറ്റവും ഭീഷണിയും കോതമംഗലം ബിഷപ് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തതും പിഡബ്ല്യുഡിയുടെ നിശബ്ദതയും സർക്കാരിന്റെ അനാസ്ഥയും ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്.
കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉപരോധ സമരം മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർ് കോയിക്കൽ അധ്യക്ഷത വഹിക്കും. രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവകണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട്, രൂപത ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ജോർജുകുട്ടി പുന്നക്കുഴി എന്നിവർ പ്രസംഗിക്കും.
കേസുകൾ പിൻവലിക്കണം: കേരള കർഷകയൂണിയൻ
ചെറുതോണി: ആലുവ-മൂന്നാർ രാജപാത തുറന്നു കിട്ടണമെന്നാവശ്യപ്പെട്ട് സമാധാനപരമായി നടത്തിയ ജനകീയ സമരത്തിൽ പങ്കാളികളായ ബിഷ്പ് മാർ ജോർജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികൾക്കും ജനങ്ങൾക്കുമെതിരേ വനംവകുപ്പ് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കണമെന്ന് കേരള കർഷകയൂണിയൻ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ബിനു ജോൺ ഇലവുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, സണ്ണി തെങ്ങുംപള്ളി, അലക്സ് പൗവത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
കള്ളക്കേസ് റദ്ദ് ചെയ്യണം: കെസിവൈഎം
ചെറുതോണി: ആലുവ - മൂന്നാർ രാജപാതയിൽ സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനടയാത്രയിൽ പങ്കെടുത്തവർക്കെതിരേ വനംവകുപ്പ് എടുത്ത കള്ള ക്കേസ് റദ്ദ് ചെയ്യണമെന്ന് കെസിവൈഎം ഇടുക്കി രൂപത സമിതി. ജനകീയ സമരത്തിൽ പങ്കുചേർന്ന മാർ ജോർജ് പുന്നക്കോട്ടിലിനും മറ്റ് 23 ജനപ്രതിനിധികൾക്കുമെതിരേ കേസെടുത്ത വനംവകുപ്പിന്റെ നടപടി നിയമവിരുദ്ധമാണ്. ബിഷപ്പിനും സമരാനുകൂലികൾക്കുമെതിരേ കേസെടുത്ത നടപടിയിൽ കെസിവൈഎം ഇടുക്കി രൂപത പ്രതിഷേധമറിയിച്ചു.
കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ് സാം സണ്ണി പുള്ളിയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ, ജനറൽ സെക്രട്ടറി അമൽ ജിജു, വൈസ് പ്രസിഡന്റുമാരായ ഡെമിൽ, സൗപർണിക സന്തോഷ്, ട്രഷറർ ജിതിൻ ജോൺസൻ, സെക്രട്ടറിമാരായ ഡെല്ല മാത്യു, ഐബിൻ വി. ഐസക് തുടങ്ങിയവർ പ്രസംഗിച്ചു.