നവജാത ശിശുവിന്റെ മരണം: മാതാവ് പരാതി നൽകി
1533646
Sunday, March 16, 2025 11:49 PM IST
രാജകുമാരി: നവജാതശിശു മരിച്ചത് സർക്കാർ ആശുപത്രിയിൽ നിന്ന് 45-ാം ദിവസത്തെ വാക്്സിനെടുത്തതിലുണ്ടായ വീഴ്ചയാണെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുട്ടിയുടെ മാതാവ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി നൽകി. എസ്റ്റേറ്റ് പൂപ്പാറ കൊച്ചുപറന്പിൽ സച്ചിൻ- മാരിയമ്മ ദന്പതികളുടെ 45 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞാണ് കഴിഞ്ഞ 12ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.
ജനുവരി 24നാണ് മാരിയമ്മ അടിമാലി താലൂക്ക് ആശുപത്രിയിൽ പെണ്‍കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ആരോഗ്യനിലയിൽ യാതൊരു കുഴപ്പവുമില്ലെന്ന് അന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയതായി മാരിയമ്മ പറയുന്നു. താലൂക്ക് ആശുപത്രിയിൽ നിന്നുള്ള നിർദേശപ്രകാരമാണ് കഴിഞ്ഞ 12 ന് ശാന്തൻപാറ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് കുഞ്ഞിന് 45-ാം ദിവസത്തെ വാക്സിനടുത്തത്. വാക്സിനെടുത്ത് വീട്ടിൽ മടങ്ങിയെത്തിയ ശേഷം വൈകുന്നേരം മൂന്നിന് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചു.
വിദഗ്ധ ചികിത്സയ്ക്കായി അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ ഒരു മണിക്കൂറിനുള്ളിൽ ഹൃദയമിടിപ്പ് താഴ്ന്ന് മരണം സംഭവിച്ചു. ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ഹൃദയത്തിന് വലിപ്പം കൂടുതലായതു കൊണ്ടും ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതുകൊണ്ടുമാണ് മരണം സംഭവിച്ചതായി പറയുന്നു. എന്നാൽ, കുഞ്ഞിന്റെ മരണത്തിന് കാരണം വാക്സിൻ എടുത്തതിലുണ്ടായ പിഴവാണെന്ന് സംശയിക്കുന്നതായാണ് മാതാവിന്റെ പരാതി.