ഏറുമാടത്തിൽ കഴിഞ്ഞ കുട്ടികളെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
1533318
Sunday, March 16, 2025 3:10 AM IST
അടിമാലി: സുരക്ഷിതമല്ലാത്ത നിലയിൽ മാങ്കുളം ആനക്കുളത്തിന് സമീപം വല്യപാറക്കുട്ടിയിൽ പുഴയോരത്ത് ഏറുമാടത്തിൽ പിതാവിനൊപ്പം കഴിഞ്ഞിരുന്ന സഹോദരങ്ങളായ ആദിവാസി വിഭാഗക്കാരായ കുട്ടികളെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഏറ്റെടുത്തു. ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഇവരെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വെള്ളിയാഴ്ച മാങ്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദ്, പഞ്ചായത്തംഗങ്ങളായ മനോജ് കുര്യൻ, സവിത റോയി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി കുട്ടികളെ മാങ്കുളത്തെത്തിച്ച് വൈദ്യപരിശോധന നടത്തി. പിന്നീട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജിന്റെ നേതൃത്വത്തിൽ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂണിയൽ ഹെൽത്ത് ഇൻസ്പെക്ടർ ഹൽമാസ് ഹമീദ്, ജൂണിയൽ പബ്ലിക് ഹെൽത്ത് നഴ്സ് ടി. പ്രിയാവതി എന്നിവരടങ്ങുന്ന സംഘം കുട്ടികളെ ചെങ്കുളത്ത് ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
കുട്ടികളുടെ തുടർ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ആലോചിച്ച് സ്വീകരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ വി.ഐ. നിഷ അറിയിച്ചു.