പരുന്തുംപാറ കൈയേറ്റം: വർഗീസിന് മറുപടിയുമായി സലിംകുമാർ
1533639
Sunday, March 16, 2025 11:49 PM IST
കട്ടപ്പന: കൈയേറ്റങ്ങൾ നടക്കുമ്പോൾ അത് റവന്യുവകുപ്പിന്റെ മാത്രം തലയിൽ കെട്ടിവച്ച് തലയൂരാൻ ചിലർ ബോധപൂർവം ശ്രമം നടത്തുകയാണെന്നും കൈയേറ്റങ്ങൾ തടയുവാനും കൈയേറ്റക്കാർക്കെതിരേ നടപടിയെടുക്കുവാനും പോലീസ് വകുപ്പിനും അധികാരമുണ്ടെന്നുള്ള കാര്യം ആരും വിസ്മരിക്കരുതെന്നും സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പറഞ്ഞു.
സിപിഐ കട്ടപ്പന സൗത്ത് ലോക്കൽ സമ്മേളനം പുളിയൻമലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരുന്തുംപാറ കൈയേറ്റവുമായി ബന്ധപ്പെട്ട് കൈയേറ്റത്തിന് റവന്യുവകുപ്പ് കൂട്ടുനിൽക്കുന്നതായി കഴിഞ്ഞ ദിവസം സിപിഎം ജില്ല സെക്രട്ടറി സി.വി. വർഗീസ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനു മറുപടിയായിട്ടാണ് കെ. സലിംകുമാറിന്റെ വിമർശനം.
മുതിർന്ന പാർട്ടി അംഗം എൻ.സി. നാരായണൻ പതാക ഉയർത്തി. തുടർന്ന് പ്രതിനിധികൾ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.
പ്രതിനിധി സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത് കെ.ആർ. രാജേന്ദൻ, ബിന്ദുലതാ രാജു എന്നിവരടങ്ങുന്ന പ്രസീഡിയമാണ്.
വി.എൻ. നടരാജൻ രക്തസാക്ഷി പ്രമേയവും, സി. വിബിൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാനകമ്മിറ്റിയംഗം വി.കെ. ധനപാൽ, സിപിഐ മണ്ഡലം സെക്രട്ടറി വി.ആർ. ശശി, വി.എസ്. അഭിലാഷ്, കെ.എസ്. രാജൻ, ജി. അയ്യപ്പൻ എന്നിവർ പങ്കെടുത്തു.