മാപ്പപേക്ഷയുമായി പഞ്ചായത്തംഗം
1533315
Sunday, March 16, 2025 3:10 AM IST
നെടുങ്കണ്ടം: അയോഗ്യയാക്കാതിരിക്കാന് കാരണംകാണിക്കല്‍ നോട്ടീസ് നല്കിയ പഞ്ചായത്തംഗം ഭരണസമിതിക്ക് വിദേശത്തുനിന്നു മാപ്പപേക്ഷ നല്കി. നെടുങ്കണ്ടം പഞ്ചായത്ത് 13-ാം വാര്‍ഡ് അംഗം വിജയലക്ഷ്മിയാണ് വാട്സ്ആപിലൂടെ മാപ്പപേക്ഷ നല്‍കിയത്.
വിദേശത്തേക്ക് പോകുന്നതിനായി വിജയലക്ഷ്മി നിയമാനുസൃതമുള്ള അവധിയിലായിരുന്നു. നവംബര്‍ 30ന് കാലാവധി അവസാനിച്ചിട്ടും ഇവര്‍ നാല് മാസമായി പഞ്ചായത്ത് കമ്മിറ്റിയിലോ ഇവര്‍ അംഗമായ സ്റ്റാൻഡിംഗ് കമ്മിറ്റിയിലോ പങ്കെടുത്തിരുന്നില്ല. ഫെബ്രുവരി 28ന് പഞ്ചായത്തിരാജ് ചട്ടം അനുസരിച്ച് അയോഗ്യയായതോടെ ഇവര്‍ക്ക് പഞ്ചായത്ത് ഭരണസമിതി കത്ത് നല്‍കിയിരുന്നു.
അയോഗ്യയാകാതിരിക്കാന് കാരണമുണ്ടെങ്കില്‍ 13ന് മുമ്പ് അറിയിക്കണമെന്നായിരുന്നു കത്ത്. ഇതിന് മറുപടിയായാണ് വിജയലക്ഷ്മി മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള വിശദീകരണം നല്‍കിയത്. പാസ് പോര്‍ട്ട് സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായതുകൊണ്ടാണ് എത്താതിരുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു. വിജയലക്ഷ്മിയുടെ മാപ്പപേക്ഷ 19ന് ചേരുന്ന പഞ്ചായത്ത് കമ്മിറ്റി ചര്‍ച്ച ചെയ്യും.