ജില്ലയിൽ പാറമടകളും ക്രഷർ യൂണിറ്റുകളും പ്രവർത്തിപ്പിക്കണം
1533637
Sunday, March 16, 2025 11:49 PM IST
നെടുങ്കണ്ടം: ജില്ലയിൽ പാറമടകളും ക്രഷർ യൂണിറ്റുകളും പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകണമെന്ന് ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടർ അസോസിയേഷൻ, കേരള ഗവൺമെന്റ് കോൺട്രാക്ടർ ഫെഡറേഷൻ എന്നിവർ ആവശ്യപ്പെട്ടു. ജില്ലയിൽ മുൻപ് നിരവധി ക്രഷർ യൂണിറ്റുകൾ പ്രവർത്തിച്ചിരുന്നു. എന്നാൽ, റവന്യു അധികൃതർ അനുമതി നൽകാത്തതിനാൽ എല്ലാ യൂണിറ്റുകളും പ്രവർത്തനം അവസാനിപ്പിച്ചു.
തമിഴ്നാട്ടിൽനിന്നു നിർമാണ സാമഗ്രികൾ എത്തിച്ചിരുന്നെങ്കിലും ഇപ്പോൾ പാസ് ലഭിക്കാത്തതിനാൽ കഴിഞ്ഞ ഒരു മാസമായി നിർമാണ സാമഗ്രികൾ ജില്ലയിലേക്ക് എത്തുന്നില്ല. ഇതോടെ മാർച്ച് 30ന് മുൻപ് നിർമാണം പൂർത്തീകരിക്കേണ്ട സർക്കാരിന്റെ വിവിധ ടെൻഡർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നില്ല. ലൈഫ് ഭവന പദ്ധതി ഉൾപ്പെടെ നിലച്ചു. നിലവിൽ പരിമിതമായി ലോറേഞ്ചിൽനിന്നാണ് നിർമാണ സാമഗ്രികൾ എത്തുന്നത്. ഇതോടെ ഉത്പന്നങ്ങളുടെ വിലയും ഗണ്യമായി ഉയർന്നു. നടപ്പുസാമ്പത്തികവർഷം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിക്കേ ഏറ്റെടുത്ത പണികൾ പൂർത്തീകരിക്കാനാവാതെ പിഴ കൊടുക്കേണ്ട സാഹചര്യത്തിലാണ് കരാറുകാർ.
നിലവിലെ സാഹചര്യത്തിൽ തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തി പ്രതിസന്ധി പരിഹരിക്കണം. കൂടാതെ ജില്ലയിൽ നിയമപരമായി പ്രവർത്തിക്കാൻ കഴിയുന്ന ക്വാറികൾക്കും ക്രഷർ യൂണിറ്റുകൾക്കും അനുമതി നൽകാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പും റവന്യു വകുപ്പും നടപടി സ്വീകരിക്കണം. ജില്ലയിലെ വികസന പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലുള്ള നിയമങ്ങൾക്ക് ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനു സർക്കാർ തയാറാവണമെന്നും ഓൾ കേരള ഗവൺമെന്റ് കോൺട്രാക്ടർ അസോസിയേഷൻ, കേരള ഗവൺമെന്റ് കോൺട്രാക്ടർ ഫെഡറേഷൻ നേതാക്കളായ ഫ്രാൻസിസ് പുളിക്കൽ, അജി കുളത്തുങ്കൽ, ശശിധരൻ നായർ, നോബി ജോർജ്, വി.പി. പ്രതീഷ് എന്നിവർ ആവശ്യപ്പെട്ടു.