സ്വകാര്യബസും കാറും കൂട്ടിയിടിച്ചു
1533340
Sunday, March 16, 2025 3:29 AM IST
തൊടുപുഴ: സ്വകാര്യബസും കാറും കൂട്ടിയിടിച്ചു. ഇന്നലെ വൈകുന്നേരം 6.30-ഓടെ ജ്യോതി സൂപ്പർബസാറിനു സമീപമായിരുന്നു അപകടം. മൂവാറ്റുപുഴയിൽനിന്നു തൊടുപുഴയിലേക്ക് വരികയായിരുന്ന സ്വകാര്യബസ് ആൾട്ടോ കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന സ്ത്രീക്ക് നിസാരപരിക്കേറ്റു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നഗരത്തിലൂടെ സ്വകാര്യബസുകൾ ചീറിപ്പായുകയാണെന്നും ഇതു നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ബസ് സ്റ്റാന്റഡിനു സമീപത്തും ജീപ്പിനു പിന്നിൽ സ്വകാര്യബസിടിച്ച് അപകടമുണ്ടായിരുന്നു. പലപ്പോഴും തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവാകുന്നത്.
ഇരുചക്രവാഹനങ്ങളെ ഗൗനിക്കാതെ ചീറിപ്പാഞ്ഞെത്തുന്ന സ്വകാര്യബസുകൾ ദിനംപ്രതി നിരവധി അപകടങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഗതാഗതനിയമങ്ങൾ കാറ്റിൽ പറത്തി സഞ്ചരിക്കുന്ന വാഹനങ്ങൾക്കെതിരേ അധികൃതരുടെ ഭാഗത്തുനിന്നു കർശന നടപടിയുണ്ടായില്ലെങ്കിൽ വലിയ ദുരന്തത്തിനു തന്നെ കാരണമായേക്കാം.