നഗരസഭാ ചെയർപേഴ്സണെതിരേ അവിശ്വാസപ്രമേയ ചർച്ച 19ന്
1533356
Sunday, March 16, 2025 3:52 AM IST
തൊടുപുഴ: നഗരസഭാ ചെയർപേഴ്സണ്‍ സബീന ബിഞ്ചുവിനെതിരേ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയം 19നു പരിഗണിക്കും. യുഡിഎഫിലെ 14 അംഗങ്ങളാണ് ചെയർപേഴ്സണെതിരേ അവിശ്വാസത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
നഗരസഭാ പദ്ധതികൾ യഥാസമയം പൂർത്തീകരിക്കാൻ ചെയർപേഴ്സണ്‍ കഴിഞ്ഞിട്ടില്ലെന്നും നഗരസഭയുടെ വികസനം പിന്നാക്കം പോയെന്നും ആരോപിച്ചാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. 35 അംഗ കൗണ്‍സിലിൽ നിലവിൽ 34 അംഗങ്ങളാണുള്ളത്. 11-ാംവാർഡിലെ കൗണ്‍സിലറെ ആയോഗ്യനാക്കിയിരിക്കുകയാണ്. മുൻ ചെയർമാൻ സനീഷ് ജോർജ് ഉൾപ്പെടെ യുഡിഎഫിന് 14 അംഗങ്ങളും ബിജെപിക്ക് എട്ട് അംഗങ്ങളും എൽഡിഎഫിന് 12 പേരുമാണുള്ളത്.
അവിശ്വാസം പാസാകണമെങ്കിൽ 18 പേരുടെ പിന്തുണ ആവശ്യമാണ്.
ബിജെപി കൗണ്‍സിലർമാർ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണച്ചാൽ മാത്രമേ പ്രമേയം പാസാകുകയുള്ളൂ. എന്നാൽ ബിജെപിയുടെ നിലപാട് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ തവണ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോൾ മുസ്ലീഗ് അംഗങ്ങൾ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന സബീന ബിഞ്ചുവിനെ പിന്തുണയ്ക്കുകയായിരുന്നു. അടുത്തിടെ നടന്ന ലൈബ്രറി കൗണ്‍സിൽ തെരഞ്ഞെടുപ്പിലും യുഡിഎഫിന് ഭൂരിപക്ഷമുണ്ടായിട്ടും വിജയിച്ചത് എൽഡിഎഫ് അംഗമായിരുന്നു.
യുഡിഎഫിലെ അനൈക്യവും അംഗങ്ങൾ തമ്മിലുള്ള പടലപ്പിണക്കവുമാണ് നഗരസഭ ഭരണം കൈവിട്ടുപോകാൻ കാരണം. 19നു നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിലും യുഡിഎഫ് അംഗങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമോ ഇതിൽ വിള്ളലുണ്ടാകുമോ എന്നു കാത്തിരുന്ന് കാണണം.
കൗണ്‍സിലർമാരുടെ ചേരിപ്പോരിൽ നഗരസഭയുടെ വികസനം പിന്നോട്ടടിക്കുന്ന ദയനീയ സ്ഥിതിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. ഇതു ജനങ്ങൾക്കിടയിൽ ശക്തമായ അമർഷത്തിനും കാരണമായിട്ടുണ്ട്.