കൈയേറ്റക്കാരെ പുറത്താക്കണം: സിപിഎം
1533644
Sunday, March 16, 2025 11:49 PM IST
ചെറുതോണി: പരുന്തുംപാറയിൽ സർക്കാർ ഭൂമി കൈയേറിയ വൻകിടക്കാരെ പുറത്താക്കണമെന്നും കൈയേറ്റത്തിന്റെ മറവിൽ തദ്ദേശീയരായ സാധാരണ ജനങ്ങളെ ദ്രോഹിക്കരുതെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ശക്തമായ നടപടിയുണ്ടാകണം.
കൈയേറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി രണ്ടു വില്ലേജുകളിലെ ആയിരക്കണക്കായ ജനങ്ങളുടെ മേൽ നിരോധനാജ്ഞ അടിച്ചേൽപ്പിക്കുന്ന ഭരണരീതി അംഗീകരിക്കില്ലെന്നും സിപിഎം സെക്രട്ടേറിയറ്റ് അറിയിച്ചു.
കൈയേറ്റമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്ന പരുന്തുംപാറയിലെ 6,000 ചതുരശ്ര അടിയിലുള്ള കെട്ടിടം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. 20 അടി ഉയരമുള്ള കുരിശ് ഒരു മണിക്കൂർ കൊണ്ട് നിർമിച്ചതല്ല.
നിർമാണഘട്ടത്തിൽ നടപടി എടുക്കാൻ കഴിയാതിരുന്ന ഉദ്യോഗസ്ഥർ പരസ്യമായി കുരിശു തകർത്ത് ക്രൈസ്തവ ജനതയുടെ മതവികാരത്തെ വ്രണപ്പെടുത്തുകയാണ് ചെയ്തത്.
പാപ്പാത്തിച്ചോലയിലും മതികെട്ടാൻചോലയിലും ഇപ്പോൾ പരുന്തുംപാറയിലും കുരിശിനെ കൈയേറ്റക്കാർ മറയാക്കുകയും ഉദ്യേഗസ്ഥർ ഒത്താശ ചെയ്യുകയും ചെയ്തിട്ട് പിന്നീട് മാധ്യമ സാന്നിധ്യത്തിൽ കുരിശ് തകർത്ത് ഒരു ജനതയുടെ വിശ്വാസത്തിന്റെ അടയാളത്തെ അവഹേളിക്കുകയും ചെയ്യുന്ന രീതി ആശാസ്യമല്ല.
പരുന്തുംപാറയിലെ സർക്കാർ ഭൂമിയിൽ അനധികൃത നിർമാണം ഉണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തിട്ടും കൂട്ടുനിന്ന റവന്യു ഉദ്യോഗസ്ഥർക്കെതിരേ ഇതുവരെ ഒരു നടപടിയും എടുക്കാതെ സംരക്ഷിക്കുകയാണെന്നും സിപിഎം ആരോപിച്ചു. നേതാക്കൾ പരുന്തുംപാറ സന്ദർശിക്കുമെന്നും ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അറിയിച്ചു.