മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ; വയോധികദന്പതികൾക്ക് പുതിയ നടപ്പാലം
1533339
Sunday, March 16, 2025 3:29 AM IST
ഇടുക്കി: വയോധിക ദന്പതികൾ 55 വർഷമായി ഉപയോഗിച്ചു വന്നിരുന്ന നടപ്പുവഴി സമീപത്തെ വസ്തു ഉടമ ജെസിബി ഉപയോഗിച്ച് തകർത്തുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇരുന്പ് ഉപയോഗിച്ച് സ്ഥിരം നടപ്പാലം നിർമിച്ചു നൽകി.
കാമാക്ഷി പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ പാണ്ടിപ്പാറ സ്വദേശി എം.ആർ. സുകുമാരൻ സമർപ്പിച്ച പരാതി കമ്മീഷൻ തീർപ്പാക്കി.
പരാതിക്കാരനും ഭാര്യയും താമസിക്കുന്നത് കുന്നിൻമുകളിലാണ്. ഇവർക്ക് വസ്തു വിലയ്ക്ക് നൽകിയവർ തന്നെയാണ് ഇവരുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ ഒറ്റയടിപ്പാത അനുവദിച്ചു നൽകിയത്.
എന്നാൽ ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലം അവർ മറ്റൊരാൾക്ക് വിറ്റു. അവർ ജെസിബി ഉപയോഗിച്ച് ഒറ്റയടിപ്പാത ഉപയോഗശൂന്യമാക്കി. നഷ്ടമായ വഴി ഉപയോഗയോഗ്യമാക്കി നൽകാമെന്ന വസ്തു ഉടമ ഉറപ്പു നൽകിയതിനാൽ പരാതി നൽകിയില്ല.
കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കാമാക്ഷി പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ചു. തുടർന്ന് വസ്തു ഉടമ, വഴി നൽകിയ വസ്തുവിന്റെ മുൻ ഉടമ, പരാതിക്കാർ എന്നിവരിൽനിന്നു വിവരങ്ങൾ ശേഖരിച്ചു.
പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ തകർന്ന വഴിക്ക് പകരം പുതിയ സ്ഥിരം നടപ്പാലം നിർമിച്ചു നൽകാമെന്ന് വസ്തു ഉടമ പഞ്ചായത്ത് സെക്രട്ടറിക്ക് ഉറപ്പു നൽകുകയും ചെയ്തു. ഇരുന്പ് കേഡർ ഉപയോഗിച്ച് സ്ഥിരം നടപ്പാലമാണ് നിർമിച്ചത്. പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കുകയായിരുന്നു.
ഏഴ് സെന്റിന്റെ കരമടച്ചു
ഇടുക്കി: വില്ലേജിൽ ആധാരം രജിസ്റ്റർ ചെയ്യുന്പോഴുണ്ടായ പിഴവ് മൂലം ഏഴ് സെന്റ് സ്ഥലത്തിന് കരമടയ്ക്കാൻ കഴിയാത്ത നിർധന കുടുംബത്തിന്റെ പരാതി മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൻ ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഇടുക്കി ആർഡിഒക്ക് നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പരിഹരിച്ചു. കാരിക്കോട് വില്ലേജിൽ തൊടുപുഴ സ്വദേശിനി ശ്യാമള മോഹൻദാസിന്റെ പേരിലുണ്ടായിരുന്ന സ്ഥലത്തിന് ഓണ്ലൈനിൽ കരം ഈടാക്കിയതായി ഇടുക്കി സബ് കളക്ടർ കമ്മീഷനെ അറിയിച്ചു.
പൊതുജനങ്ങൾക്ക് ഡിജിറ്റൽ സേവനം നൽകുന്ന റെലീസ് സംവിധാനത്തിൽ വസ്തുവിന്റെ വിസ്തീർണം ലഭ്യമാകാത്തത് കാരണമാണ് കരം അടയ്ക്കാൻ കഴിയാതിരുന്നത്.
തുടർന്ന് പരാതി പരിഹരിക്കാൻ തൊടുപുഴ ഭൂരേഖാ തഹസിൽദാർക്ക് നിർദേശം നൽകി. വീഴ്ച പരിഹരിച്ച് കരം ഈടാക്കാൻ കാരിക്കോട് വില്ലേജ് ഓഫീസർക്ക് നിർദേശം നൽകിയതായി സബ് കളക്ടർ അറിയിച്ചു.