പ്രകൃതി തീർത്ത ഉറവച്ചാലിൽ മത്സ്യക്കുളവുമായി ജോസ് കള്ളികാട്ട്
1533633
Sunday, March 16, 2025 11:49 PM IST
ജോയി കിഴക്കേൽ
മൂലമറ്റം: ഫാം ടൂരിസത്തിന്റെ അനന്തസാധ്യതയുമായി അറക്കുളത്ത് ഒരേക്കർ വിസ്തൃതിയിലുള്ള വിവിധ മത്സ്യക്കുളങ്ങൾ നിർമിച്ച് ജോസ് കള്ളികാട്ട്. മൂലമറ്റം സെന്റ് ജോസഫ് കോളജിന് സമീപം ആലാനിക്കൽ എസ്റ്റേറ്റിലൂടെ അൽപദൂരം സഞ്ചരിച്ചാൽ ജോസിന്റെ മത്സ്യക്കുളത്തിലെത്താം. ഈ കുളങ്ങളിൽ നീന്തിത്തുടിക്കുന്നത് 35000-ത്തിൽപ്പരം മത്സ്യങ്ങളാണ്. 5000ത്തോളം മത്സ്യകുഞ്ഞുങ്ങളുമുണ്ട്.
വിവിധയിനം മത്സ്യങ്ങൾ
നൈൽ തിലാപ്പിയ, ഗിഫ്റ്റ് തിലാപ്പിയ, കട്ല, രോഹു, മൃണാൾഡ്, ഗൗര, റെഡ് ബെല്ലി, കരിമീൻ എന്നീ ഈങ്ങളിൽപ്പെട്ട മത്സ്യങ്ങളെയാണ് വളർത്തുന്നത്. 30 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള അഞ്ച് കുളങ്ങളാണ് മത്സ്യകൃഷിക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കുളത്തിന്റെയും മുകളിൽ നെറ്റ് വിരിച്ചിട്ടുണ്ട്. ഗൗര , തിലാപ്പിയ എന്നിവയെ ഒന്നിച്ചും കട്ല, രോഹു, മൃണാൾഡ്, തിലാപ്പിയ എന്നിവയെ മറ്റൊരു കുളത്തിലും കരിമീൻ, റെഡ് ബെല്ലി ഇനങ്ങളെ വെവ്വേറെ കുളങ്ങളിലുമാണ് വളർത്തുന്നത്. 2019 ലാണ് മത്സ്യകൃഷി ആരംഭിച്ചത്.
കുഞ്ഞുങ്ങളെ വാങ്ങൽ
മത്സ്യക്കുഞ്ഞുങ്ങളെ എറണാകുളം വല്ലാർപാടത്തുള്ള ഫിഷറീസ് ഹാച്ചറിയിൽനിന്നാണ് വാങ്ങുന്നത്. ഒരു കുഞ്ഞിന് ഒന്പതു രൂപയാണ് വില. കൊൽക്കത്തയിൽനിന്ന് വാങ്ങുന്ന റെഡ് ബെല്ലി ഇനം കുഞ്ഞുങ്ങൾക്ക് ഒന്നിന് അഞ്ചു രൂപ നൽകണം.
കരിമീൻ ബ്രൂഡേഴ്സിനെ വൈക്കത്തുനിന്ന് എത്തിച്ച് ശുദ്ധജലത്തിലാക്കി കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ ആദ്യം പ്രത്യേക നഴ്സറിയിലാണ് വളർത്തുന്നത്. പിന്നീടാണ് കുളത്തിലേക്ക് ഇവയെ മാറ്റുന്നത്. കരിമീൻ കുഞ്ഞുങ്ങളുടെ വിൽപ്പന ഇവിടെയുണ്ട്. 30, 50 രൂപയാണ് വില.
പിഎച്ച് പരിശോധന
മത്സ്യങ്ങളെ കുളത്തിലേക്ക് വിടുന്നതിനു മുൻപ് വെള്ളത്തിന്റെ പിഎച്ച് പരിശോധിക്കും. എഴു മുതൽ 8.5 വരെ പിഎച്ച് മൂല്യമുള്ള വെള്ളമാണ് മത്സ്യം വളർത്താൻ ഏറ്റവും അനുയോജ്യം. വെള്ളത്തിലെ ഓക്സിജൻ, ആൽക്കലിൻ, അമ്ലാംശം എന്നിവയുടെ അളവും ഓരോ ആഴ്ചയിലും പരിശോധിക്കും.
മത്സ്യത്തിന്റെ ആരോഗ്യം പരിരക്ഷിക്കാനും രോഗബാധ തടയുന്നതിനുമായി പ്രോബയോട്ടിക് ഉപയോഗിക്കും. തൈര്, ശർക്കര, കുളത്തിലെ മണ്ണ്, ഈസ്റ്റ് എന്നിവ ചേർത്താണ് പ്രോബയോട്ടിക് തയാറാക്കുന്നത്.
പ്രോട്ടീൻ അധികം ഉള്ള തീറ്റയാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. 0.6 എം എം തീറ്റ ഒരു മാസം പ്രായമായതിനും പിന്നീട് ആറുമാസം വരെ ഇതിന്റെ അളവ് പടിപടിയായി വർധിപ്പിച്ചും നൽകും. ആറുമാസം മുതൽ വിളവെടുപ്പ് നടത്താം. പ്രാദേശിക വിപണിക്ക് പുറമേ എറണാകുളത്തും മത്സ്യത്തിന്റെ വിൽപ്പന നടത്തുന്നു. കേന്ദ്ര സംസ്ഥാന ഫിഷറീസ് ഡിപ്പാർട്ട്മെന്റുകളുടെ ലൈസൻസോടെയാണ് ഫാം പ്രവർത്തിക്കുന്നത്. ഗൗര 450, കരിമീൻ 675, തിലാപ്പിയ, കട്ല, രോഹു, മൃണാൾഡ്, റെഡ് ബെല്ലി 200 രൂപ എന്നിങ്ങനെയാണ് വിൽപ്പനവില.
പച്ചപ്പിന്റെ കേദാരം
മത്സ്യകൃഷിക്ക് പുറമേ വിവിധ വിളകൾ കൃഷി ചെയ്യുന്ന പച്ചപ്പിന്റെ കേദാരമാണ് ഈ കൃഷിയിടം. 750 കാസർഗോഡൻ കമുക്, നൂറ് ജാതി, മുന്നൂറ് കൊക്കോ എന്നിവയ്ക്കൊപ്പം നേന്ത്രവാഴ, ഞാലിപ്പൂവൻ, പാളയംകോടൻ, മരച്ചീനി, തെങ്ങ്, പ്ലാവ്, മാവ്, തേക്ക്, ആഞ്ഞിലി എന്നിവയും കൃഷിയിടത്തിൽ തഴച്ചു വളരുന്നു. 10 സെന്റ് സ്ഥലത്ത് കുറ്റിപ്പയർ കൃഷിയുമുണ്ട്.
ഒരേക്കറിലുള്ള മത്സ്യക്കുളത്തിൽ ചൂണ്ടയിട്ടും വലയെറിഞ്ഞും മത്സ്യത്തെ പിടിക്കാൻ ധാരാളം പേർ എത്തുന്നുണ്ട്. അവരോടൊപ്പം ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിന്റെ രഹസ്യങ്ങൾ പങ്കുവച്ച് സമയം ചെലവഴിക്കുന്പോൾ അറിവും അനുഭവവും പുതിയ മാനം കൈവരിക്കുന്നു. ഭാര്യ: കൊച്ചുറാണി മക്കൾ: ജെറി, ജെഫ്രി.