ബഫർ സോണ്‍ 200ൽനിന്നു 20 മീറ്ററായി കുറച്ചു: മന്ത്രി
1532662
Thursday, March 13, 2025 11:39 PM IST
തൊടുപുഴ: ജലസേചന വകുപ്പിന്റെ കീഴിലുള്ള ഡാമുകൾക്ക് ചുറ്റും ബഫർ സോണ്‍ നിശ്ചയിച്ചതിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇക്കാര്യത്തിൽ വിശദീകരണവുമായി മന്ത്രി റോഷി അഗസ്റ്റിൻ. ഡാമുകളുടെ ബഫർ സോണ്‍ 200 മീറ്ററിൽനിന്ന് 20 മീറ്റർ ആക്കി കുറയ്ക്കുകയായിരുന്നെന്നും ജലവിഭവ വകുപ്പിന്റെ കീഴിലുള്ള ഡാമുകൾക്ക് ചുറ്റും 20 മീറ്റർ ബഫർസോണിൽ നിലവിലുള്ള നിർമിതികൾക്ക് ഒരു തരത്തിലുള്ള ഭീഷണിയും ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
പുതിയ ഉത്തരവ് പ്രകാരം ഡാമിന്റെ 20 മീറ്റർ മാത്രമാണ് ബഫർ സോണായി നിലനിർത്തുക.
2008 വരെ ഡിഫൻസ് ഓഫ് ഇന്ത്യ ചട്ട പ്രകാരം ബഫർ സോണ്‍ 200 മീറ്ററായിരുന്നു. പിന്നീട് കേരള ഡാം സേഫ്റ്റി അഥോറിറ്റി നിലവിൽ വന്നപ്പോൾ ജലാശയങ്ങൾക്കു ചുറ്റും നിർമാണ അനുമതി തേടിയുള്ള അപേക്ഷകൾ എത്തുന്പോൾ ഓരോ അപേക്ഷയും വ്യത്യസ്തമായി പരിഗണിച്ച് അനുമതി നൽകുന്നതായിരുന്നു പതിവ്. എന്നാൽ ദേശീയ ഡാം സുരക്ഷാ അഥോറിറ്റി നിലവിൽ വന്നതോടെ സംസ്ഥാന ഡാം സുരക്ഷാ അഥോറിറ്റി പിരിച്ചു വിട്ടു. ഇതോടെ ഇത്തരം അപേക്ഷകളിൽ തീരുമാനം എടുക്കാനുള്ള സംവിധാനമില്ലാതായി.
മുന്‍പുണ്ടായിരുന്ന ഡിഫൻസ് ഓഫ് ഇന്ത്യ ആക്ടും ഇല്ലാതായതോടെ ചട്ടവും കാലഹരണപ്പെട്ടു. ഇതോടെ ഇത്തരം അപേക്ഷകളിൽ അനുമതി നൽകാൻ സർക്കാരിന് മുന്നിൽ ഒരു വ്യവസ്ഥയുമില്ലാത്ത സാഹചര്യം ഉരുത്തിരിഞ്ഞു. വയനാട്ടിൽ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ കോടതി നിർദേശപ്രകാരം ഇത്തരം നിയന്ത്രണം അനിവാര്യമായി മാറി. മലന്പുഴയിൽ കാരവാൻ ടൂറിസത്തിന് അനുമതി നൽകുന്നതിലും നിയമ തടസമുണ്ടായി. അതോടൊപ്പം നിരവധി കെട്ടിടനിർമാണ അപേക്ഷയിലും തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യം വന്നത് കണക്കിലെടുത്താണ് സർക്കാർ 20 മീറ്റർ ബഫർ സോണും 100 മീറ്റർ എൻഒസിയോടു കൂടിയുള്ള നിർമാണ അനുമതിയും നൽകാൻ തീരുമാനമെടുത്തത്.
പഞ്ചായത്ത് ചട്ടങ്ങൾ പ്രകാരം ഡാമുകളുടെ സമീപം നിർമാണ പ്രവർത്തനം നടത്തണമെങ്കിൽ അതിന്റെ ഉടമസ്ഥാവകാശം ഏതു വകുപ്പിനാണോ ആ വകുപ്പിൽനിന്ന് നിരാക്ഷേപ പത്രം അനിവാര്യമാണെന്ന നിർദേശം 1986 മുതൽ നടപ്പാക്കി വരുന്നതാണ്. എൻഒസിക്കായി ജലവിഭവ വകുപ്പിനെ ബന്ധപ്പെടുന്പോൾ ഇതുമായി ബന്ധപ്പെട്ട ഉത്തരവുകളിൽ വ്യക്തത ഇല്ലാത്തതിനാൽ അനുമതി നിഷേധിക്കുകയായിരുന്നു പതിവ്. പുതിയ ഉത്തരവ് വന്നതോടെ അപേക്ഷകളിൽ ഉടൻ തീരുമാനമെടുക്കാൻ സാധിക്കും. ഡാമുകളുടെ പരമാവധി ശേഖരണ അളവിൽനിന്ന്് 200 മീറ്റർ ബഫർ സോണ്‍ എന്നുളളത് 20 മീറ്ററായി കുറയ്ക്കുകയാണ് സർക്കാർ ചെയ്തത്. അതാണ് പുതിയതായി 20 മീറ്റർ ബഫർ സോണായി പ്രഖ്യാപിച്ചു എന്ന തരത്തിൽ ചിലർ വളച്ചൊടിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഉത്തരവ് പിൻവലിക്കണം
എന്നാൽ മലങ്കര ഡാമിന് ചുറ്റും ബഫർ സോണ്‍ ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് പൂർണമായും പിൻവലിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കഴിഞ്ഞ ഡിസംബർ 26നാണ് ജല വിഭവ വകുപ്പിനു കീഴിലുള്ള ജലസംഭരണികളുടെ പരമാവധി വാട്ടർ ലെവൽ മുതൽ രണ്ട് കാറ്റഗറികളായി തിരിച്ച് ബഫർസോണ്‍ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കിയത്. ഇതിൽ ആദ്യ 20 മീറ്റർ ചുറ്റളവിൽ ഒരു നിർമാണവും പാടില്ല. 100 മീറ്റർ ചുറ്റളവിൽ നിർമാണത്തിന് എക്സിക്യൂട്ടിവ് എൻജനീയറുടെ എൻഒസി വേണം. ഇവിടെ മൂന്നു നിലകളിലുള്ള നിർമാണപ്രവർത്തനങ്ങൾക്കേ അനുമതി നൽകുകയുള്ളു.
അറക്കുളം, കുടയത്തൂർ, മുട്ടം, ഇടവെട്ടി, ആലക്കോട്, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ നൂറു കണക്കിന് കുടുംബങ്ങളാണ് മലങ്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് താമസിക്കുന്നത്. ഇവരെയെല്ലാം ഉത്തരവ് പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങൾ സർക്കാർ പ്രഖ്യാപിച്ച ബഫർ സോണ്‍ മേഖലയിൽ താമസിക്കുന്നുണ്ട്. ഇവർക്ക് ഒരു വീട് പോലും നിർമിക്കാൻ കഴിയാത്ത സ്ഥിതി ഈ ഉത്തരവ് മൂലം ഉണ്ടാകുമെന്നും വിലയിരുത്തലുണ്ട്. ഇതിനു പുറമേ ജില്ലയിൽ മറ്റു ഡാമുകളുടെ പരിധിയിലും ബഫർ സോണ്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.
പ്രതിരോധ ജനകീയകൂട്ടായ്മ
രൂപീകരിച്ചു
മുട്ടം: മലങ്കര അണക്കെട്ടിന്റെ ചുറ്റുമുള്ള പ്രദേശങ്ങൾ ബഫർ സോണായി പ്രഖ്യാപിക്കാനുള്ള നടപടികൾ പൂർണമായും റദ്ദ് ചെയ്ത് ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മുട്ടം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ബഫർ സോണ്‍ പ്രതിരോധ ജനകീയ കൂട്ടായ്മ രൂപീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജോയി ജോണ്‍, ബ്ലോക്ക് - ഗ്രാമ പഞ്ചായത്തംഗങ്ങളായ എൻ.കെ. ബിജു, ഗ്ലോറി പൗലോസ്, മാത്യുപാലംപറന്പിൽ, അരുണ്‍ പൂച്ചക്കുഴി, ജോസ് കടത്തലകുന്നേൽ, ഷേർളി അഗസ്റ്റിൻ, ഷൈജ ജോമോൻ, വിവിധ സംഘടന നേതാക്കളായ അഗസ്റ്റിൻ കള്ളികാട്ട്, ടോമി ജോർജ് മൂഴിക്കുഴിയിൽ, പരീത് കാനാപ്പുറം, സി.എച്ച്. ഇബ്രാഹിം കുട്ടി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ചെയർപേഴ്സണായി ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചു. ബഫർ സോണ്‍ മേഖലകളായ മാത്തപ്പാറ ഐഎച്ച്ഡിപി, അന്പാട്ട് പ്രദേശങ്ങളിൽ 18,19 തിയതികളിൽ വൈകുന്നേരം ഏഴിന് യോഗവും തുടർന്ന് ജലവിഭവ വകുപ്പിന്റെ മുട്ടം എംവിഐപി ഓഫീസിലേക്ക് പ്രതിഷേധ സമരം നടത്താനും തീരുമാനിച്ചു.