എംജി കലോത്സവം: വേദികൾ ഇന്നുണരും
1533635
Sunday, March 16, 2025 11:49 PM IST
തൊടുപുഴ: ഒരാഴ്ചത്തെ കലാ മാമാങ്കത്തിന് ഇന്ന് തുടക്കം. ദസ്തക് അണ്ടിൽ ലാസ്റ്റ് ബ്രീത്ത് എന്ന പേരിൽ അൽ അസ്ഹർ കോളജ് കാന്പസിൽ സംഘടിപ്പിക്കുന്ന എംജി സർവകലാശാലാ കലാത്സവത്തിന് ഇന്നു വൈകുന്നേരം ഏഴിന് തിരി തെളിയും. തുടർന്ന് തിരുവാതിര കളിയോടെ മത്സര വേദികൾ ഉണരും. വിവിധ വേദികളിലായി കേരള നടനം, കഥകളി, ഭരതനാട്യം എന്നി മത്സരങ്ങളും നടക്കും. വേദികൾ ഉണരാൻ മണിക്കൂറുകൾ ബാക്കിനിൽക്കേ അവസാനവട്ട ഒരുക്കങ്ങളിലാണ് സംഘാടകരും മൽസരാർഥികളും.
സാഹിത്യകാരൻ പി.വി. ഷാജികുമാർ കലോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങിന് താരപ്പൊലിമ നൽകി ഉടൻ റിലീസ് ചെയ്യുന്ന ലൗലി എന്ന ചിത്രത്തിലെ താരങ്ങളായ മാത്യു തോമസ്, ജിയോമോൻ, ആഷ്ലി, ഐശ്വര്യ മനോഹർ എന്നിവർ പങ്കെടുക്കും. ഒൻപത് വേദികളിലായി 88 മത്സരയിനങ്ങളാണ് നടക്കുന്നത്. അഞ്ച് ട്രാൻസ്ജെൻഡർ വിദ്യാർഥികളും പങ്കെടുക്കും.
സ്റ്റാൻഡ് അപ് കോമഡിയടക്കം ഇത്തവണ 15 പുതിയ ഇനങ്ങളുണ്ട്. കലോത്സവം കളറാക്കാൻ സംഘാടക സമിതി വൈവിധ്യമാർന്ന വിവിധ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ ആശയ വൈവിധ്യങ്ങൾ നിറഞ്ഞ ബോർഡുകൾ, ഇൻസ്റ്റലേഷനലുകൾ തുടങ്ങി അലങ്കാരങ്ങൾ കാന്പസിൽ ഉയർന്നിട്ടുള്ളത്. 23ന് സമാപന സമ്മേളനം നടൻ ആസിഫ് അലി് ഉദ്ഘാടനം ചെയ്യും.