ആദിവാസി യുവാവിനെതിരേ കള്ളക്കേസ് ; നടപടി വേഗത്തിലാക്കണം: എസ്സി-എസ്ടി കമ്മീഷൻ
1533341
Sunday, March 16, 2025 3:29 AM IST
മുട്ടം: എള്ളുംപുറം സെറ്റിൽമെന്റിലെ ആദിവാസി യുവാവിനെ കഞ്ചാവ് കടത്തിയെന്ന പേരിൽ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ സത്വര നടപടി സ്വീകരിക്കാൻ പട്ടികജാതി-പട്ടിക ഗോത്രവർഗ കമ്മീഷൻ നിർദേശിച്ചു. ഇടുക്കി കളക്ടറേറ്റിൽ നടന്ന സിറ്റിംഗിലാണ് നിർദേശം.
പരാതിക്കാരനായ സിറിൽ ജോണ്സന് വേണ്ടി അഡ്വ.ടോം ജോസഫ്, സമരസമിതി നേതാക്കളായ എം.ഐ. ശശീന്ദ്രൻ, ജയിംസ് കോലാനി, ഇ.എൻ. ചന്ദ്രബോസ് തുടങ്ങിയവർ ഹാജരായി. കേസ് പുനരന്വേഷണം നടത്തുന്ന എക്സൈസ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർക്ക് വേണ്ടി എക്സൈസ് ഇടുക്കി ഡെപ്യൂട്ടി കമ്മീഷണർ അന്വേഷണ റിപ്പോർട്ട് ഹാജരാക്കി.
സിറിൽ ജോണ്‍സനെ കേസിൽ കുടുക്കുന്നതിന് വൻ ഗൂഢാലോചനയും ആസൂത്രണവും നടന്നതായി വ്യക്തമാകുന്ന റിപ്പോർട്ടാണ് ഹാജരാക്കിയത്. അന്യസംസ്ഥാന അഡ്രസിലുള്ള മൊബൈൽ നന്പരിൽനിന്നു എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ച് കളവായ വിവരങ്ങൾ നൽകിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സിറിൽ ജോണ്‍സന്റെ പരാതിയും പുനരന്വേഷണ റിപ്പോർട്ടും വിശദമായി പരിശോധിച്ച കമ്മീഷൻ സംഭവത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും അന്വേഷണം സത്വരമായി പൂർത്തീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. പരാതി തുടർനടപടികൾക്കായി മാറ്റി.