എംജി കലോത്സവത്തിന് നാളെ തിരിതെളിയും
1533338
Sunday, March 16, 2025 3:29 AM IST
തൊടുപുഴ: എംജി സർവകലാശാല കലോത്സവം നാളെ മുതൽ 23 വരെ അൽഅസ്ഹർ കാന്പസിൽ നടക്കുമെന്ന് യൂണിയൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒൻപത് വേദികളിലായി 88 മത്സരങ്ങൾ അരങ്ങേറും.
278 കോളേജുകളിലെ 6,396 മത്സരാർഥികൾ പങ്കെടുക്കും. നാളെ രാത്രി ഏഴിന് സാഹിത്യകാരൻ പി.വി. ഷാജികുമാർ കലോത്സവം ഉദ്ഘാടനംചെയ്യും. സിനിമാതാരങ്ങളായ മാത്യു തോമസ്, ജിയോമോൻ, ആഷ്ലി, ഐശ്വര്യ മനോഹർ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. സിനിമാതാരം ആസിഫ് അലി 23നു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളം, ക്യൂബ, ഗാസ, ഇംഫാൽ, അമരാവതി, കീഴ്വെണ്മണി, വാച്ചാത്തി, കയ്യൂർ, തേഭാഗ എന്നിങ്ങനെ വിവിധ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്.
കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി 500 വിദ്യാർഥി വോളണ്ടിയർമാരെയും നിയോഗിച്ചിട്ടുണ്ട്. ഇതിൽ 150 പേർ വനിതകളാണ്. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറച്ചാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ കലോത്സവത്തേക്കാൾ കൂടുതൽ രജിസ്ട്രേഷൻ ഇത്തവണയുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. എംജി സർവകലാശാല വിദ്യാർഥി യൂണിയൻ ചെയർമാൻ എം.എസ്.ഗൗതം, വൈസ് ചെയർമാൻ ആത്മജ് ജോയി, സംഘാടക സമിതി കണ്‍വീനർ സഞ്ജീവ് സഹദേവൻ, ജോയിന്റ് കണ്‍വീനർ ശരത് പ്രസാദ്, സെനറ്റംഗം അരുണ്‍ കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.