ലഹരിവ്യാപനത്തിന് അറുതിവരുത്തണം: കോതമംഗലം രൂപത പാസ്റ്ററൽ കൗണ്‍സിൽ
1533345
Sunday, March 16, 2025 3:29 AM IST
കോതമംഗലം: കുട്ടികളുടെയും യുവജനങ്ങളുടെയും ഭാവിയും സമൂഹത്തിന്റെ ക്രമസമാധാനവും തകർക്കുന്ന ലഹരി വ്യാപനം തടയാൻ അടിയന്തര ശ്രദ്ധയും നടപടികളും ആവശ്യമാണെന്ന് കോതമംഗലം രൂപത പാസ്റ്ററൽ കൗണ്‍സിൽ. ബോധവത്കരണത്തോടൊപ്പം കർശനമായ നിയമനടപടികളും ഇക്കാര്യത്തിൽ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് കാലതാമസം കൂടാതെ പ്രസിദ്ധീകരിച്ച് അതിലെ നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാർ തയാറാകണമെന്ന് കൗണ്‍സിൽ ആവശ്യപ്പെട്ടു.
വഖഫ് നിയമവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഗുരുതരമായ ആശങ്കകൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും, വന്യമൃഗശല്യം പരിഹരിക്കുന്ന കാര്യത്തിൽ സർക്കാരുകൾ കാണിക്കുന്ന അലംഭാവവും പാസ്റ്ററൽ കൗണ്‍സിൽ യോഗത്തിൽ ചർച്ച ചെയ്യുകയും ഇക്കാര്യങ്ങളിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തു.
ആഗോള കത്തോലിക്കാ സഭ 2025 ജൂബിലി വർഷമായി ആഘോഷിക്കുന്ന സാഹചര്യത്തിൽ രൂപതയുടെ നേതൃത്വത്തിൽ ഇടവകകളിലും കുടുംബങ്ങളിലും നടപ്പിൽ വരുത്തേണ്ട കർമപദ്ധതികൾ വിശദമായി പാസ്റ്ററൽ കൗണ്‍സിലിൽ അവതരിപ്പിച്ചു.
പോർച്ചുഗലിലെ ലിസ്ബണ്‍ യൂണിവേഴ്സിറ്റിയുടെ സവിശേഷ അക്കാദമിക അംഗീകാരത്തിന് അർഹനായ രൂപത വികാരി ജനറാളും ചരിത്രകാരനുമായ മോണ്‍. പയസ് മലേക്കണ്ടത്തിൽ, മംഗലപ്പുഴ സെമിനാരി റെക്ടറായി നിയമിതനായ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, കെഎൽഎം സംസ്ഥാന ഡയറക്ടറായി നിയമിതനായ ഫാ. സെബാസ്റ്റ്യൻ വലിയതാഴത്ത്, സീറോമലബാർ പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറിയായി നിയമിതനായ ജോയ്സ് മുക്കുടം എന്നിവരെ പാസ്റ്ററൽ കൗണ്‍സിൽ ആദരിച്ചു.
കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ് എമിരറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ പ്രസംഗിച്ചു. വൈദികർ, സന്യസ്തർ, അൽമായർ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു.