എഴുകുംവയൽ കുരിശുമലയിൽ തീർഥാടകരുടെ തിരക്കേറി
1532661
Thursday, March 13, 2025 11:39 PM IST
കട്ടപ്പന: ഇടുക്കി രൂപത തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ വലിയ നോന്പാചരണത്തിന്റെ ഭാഗമായുള്ള കുരിശുമല കയറ്റത്തിൽ വിശ്വാസികളുടെ തിരക്ക് വർധിച്ചു. നോന്പിലെ എല്ലാ ദിവസങ്ങളിലും കുരിശുമല കയറുന്നതിന് വിശ്വാസികൾ എത്തുന്നു.
വലിയ നോന്പിലെ ആദ്യത്തെ വെള്ളിയാഴ്ച ആയിരക്കണക്കിന് വിശ്വാസികളാണ് കുരിശുമല കയറിയത്. വലിയ നോന്പിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായ ഇന്നു രാവിലെ 9.30ന് മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയിൽനിന്നു കുരിശിന്റെ വഴി ആരംഭിക്കും. തുടർന്ന് കുരിശുമലയിലെ തീർഥാടക ദേവാലയത്തിൽ 11ന് ദിവ്യബലിയും വചനപ്രഘോഷണവും നേർച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കും.
വൈകുന്നേരം അഞ്ചിനും കുരിശുമല ദേവാലയത്തിൽ ദിവ്യബലി അർപ്പിക്കും. കുരിശുമലയിൽ നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോസ് ചെമ്മരപ്പള്ളിയിൽ, ഫാ. ജോസഫ് വട്ടപ്പാറ തുടങ്ങിയവർ മുഖ്യകാർമികരായിരിക്കും.
വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് രാത്രികാലങ്ങളിലും കുരിശുമല കയറുന്നതിനുള്ള സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.
നാല്പതാം വെള്ളിയാഴ്ച ഇടുക്കി ബിഷപ് ജോണ്‍ നെല്ലിക്കുന്നേൽ നയിക്കുന്ന രൂപത കുരിശുമല തീർഥാടനവും ഉണ്ടായിരിക്കും.
നോന്പിലെ വെള്ളിയാഴ്ചകളിൽ കുരിശുമലയിലെത്തുന്ന മുഴുവൻ വിശ്വാസികൾക്കും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൂശിതരൂപവും തിരുക്കല്ലറയും മിസേറിയ രൂപവും സന്ദർശിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുള്ളതായി തീർഥാടക ദേവാലയ ഡയറക്ടർ ഫാ. തോമസ് വട്ടമല, അസി. വികാരി ഫാ. ലിബിൻ വെള്ളിയാംതടം എന്നിവർ അറിയിച്ചു. ഫോണ്‍: 9447521827.