പിടിച്ചെടുത്ത ലോറികൾ വിട്ടുകൊടുത്തില്ല
1533319
Sunday, March 16, 2025 3:16 AM IST
ചെറുതോണി: നിയമാനുസരണം ഹൈറേഞ്ചിലേക്ക് പാറ ഉത്്പന്നങ്ങളുമായി വന്ന നാല് ടോറസ് ലോറികൾ ജില്ലാ കളക്ടർ കസ്റ്റഡിയിലെടുത്തു. തൊടുപുഴയില്‍നിന്നു മെറ്റലും പാറയും കയറ്റി വന്ന ടോറസ് ലോറികളാണ് വെള്ളിയാഴ്ച കളക്ടര്‍ കസ്റ്റഡിയിലെടുത്തത്.
രണ്ട് ലോറികൾ പാറേമാവിൽനിന്നും ഒരെണ്ണം കട്ടപ്പനയിൽനിന്നും ഒരെണ്ണം ചെറുതോണിയിൽനിന്നുമാണ് പിടികൂടിയത്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതി പത്രം, നികുതി ഒടുക്കിയ ബിൽ, ക്വാറി ബിൽ എന്നിവ ഉണ്ടായിരുന്നിട്ടും ലോറി വിട്ടു നല്കാൻ കളക്ടർ തയാറായില്ല. കട്ടപ്പനയിൽനിന്നു പിടികൂടിയ ലോറിയിലെ പാറ ഉത്പന്നത്തിന് ക്വാറി ബിൽ ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
എന്നാൽ, ഈ ലോറി പിഴയടച്ച ശേഷം തിങ്കളാഴ്ച വിട്ടുനൽകാൻ അനുമതിയായിട്ടുണ്ട്. ഇടുക്കി പോലീസ് സ്റ്റേഷനിലെത്തിച്ചിട്ടുള്ള മറ്റ് മൂന്ന് ലോറികളും വിട്ടുനൽകുന്നതിന് നടപടികളൊന്നുമുണ്ടായിട്ടില്ല. ലോഡുമായി വന്ന ലോറികൾ പാറേമാവിൽ കളക്ടർ പിടികൂടുകയായിരുന്നു. തുടർന്ന് നടപടിക്രമ ങ്ങൾക്കു ശേഷം വാഹനങ്ങള്‍ ഇടുക്കി പോലീസിന് കൈമാറ്റി.
പിടിച്ചെടുത്ത ഒരു വാഹനത്തിൽ കുമളിയിലേക്കുള്ള മെറ്റലും മറ്റൊന്നിൽ ചെറുതോണിയില്‍ ജലസേചന വകുപ്പിന്റെ തോട് സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനുള്ള പാറയുമായിരുന്നു. ഇതു രണ്ടിനും ബില്ലും പാസുമുണ്ടായിരുന്നതായി പറയുന്നു. മാര്‍ച്ച് അവസാനിക്കാറായതോടെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ അറ്റകുറ്റപ്പണികൾ, റോഡുകളുടെ ടാറിംഗ്, കെട്ടിട നിര്‍മാണം എന്നിവ നടന്നുവരികയാണെന്ന് ലോറിയുടമകൾ പറയുന്നു.