ലഹരി വ്യാപനത്തിനെതിരേ കൈകോർക്കണം: മാർ ജോണ്‍ നെല്ലിക്കുന്നേൽ
1532973
Saturday, March 15, 2025 12:02 AM IST
മുരിക്കാശേരി: സമൂഹത്തെ നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരേ എല്ലാവരും ഒരുമിച്ച് കൈകോർക്കണമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ. ലഹരി വ്യാപനത്തിനെതിരേ കരിസ്മാറ്റിക് നവീകരണ മുന്നേറ്റത്തിന്റെ നേതൃത്വത്തിൽ മുരിക്കാശേരിയിൽ നടന്ന പ്രാർഥനായജ്ഞവും പരിഹാര പ്രദക്ഷണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുട്ടികളെയും യുവജനങ്ങളെയും സാരമായി ബാധിക്കുന്ന ഈ മഹാവിപത്തിനെതിരേ സമൂഹ മനഃസാക്ഷി ഉണർന്നു പ്രവർത്തിക്കണം. അധ്യാപകരും സന്നദ്ധപ്രവർത്തകരും ഇതിനായി മുന്നിട്ടിറങ്ങണം. ഭരണതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ലഹരിയുടെ വ്യാപനത്തിനും വിപണനത്തിനുമെതിരേ സത്വര നടപടികൾ സ്വീകരിക്കണമെന്നുംം അദ്ദേഹം പറഞ്ഞു.
ബിഷപ്പിന്റെ നേതൃത്വത്തിൽ മുരിക്കാശേരി പള്ളിയിൽനിന്ന് പാവനാത്മാ കോളജ് ജംഗ്ഷൻ വരെ കുരിശിന്റെ വഴി ചൊല്ലി റാലി നടത്തി. റാലിക്ക് പ്രാർഥനാ ഗ്രൂപ്പ് ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ, മുരിക്കാശേരി ഫോറോന പള്ളി വികാരി ഫാ. ജോസ് നരിതൂക്കിൽ, സൽജു ജോസഫ്, ഷാജി വൈക്കത്തുപറന്പിൽ, ഷാജി അഗസ്റ്റിൻ ഈഴക്കുന്നേൽ, സണ്ണി വളവനാട്, ജോസ് കൂട്ടുങ്കൽ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ മഠങ്ങളിലെ സന്യാസിനിമാർ, വിവിധ ഇടവകകളിലെ പ്രാർഥനാ ഗ്രൂപ്പ് അംഗങ്ങൾ, രൂപതയിലെ കെസിവൈഎം പ്രവർത്തകർ തുടങ്ങി നൂറു കണക്കിന് ആളുകൾ റാലിയിൽ പങ്കെടുത്തു.
ലഹരിക്കെതിരേ കെസിബിസി
നെടുങ്കണ്ടം: കെസിബിസി മദ്യവിരുദ്ധ സമിതി ഇടുക്കി രൂപത കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ഒരു വര്‍ഷത്തെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തും. പദയാത്രകള്‍, വാഹന റാലി, പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഷോര്‍ട്ട് ഫിലിം നിര്‍മാണം, സ്കൂള്‍-കോളജ് തലങ്ങളില്‍ സെമിനാര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
തങ്കമണി സെന്റ് തോമസ് ഫൊറോന പള്ളിയില്‍ നടന്ന യോഗത്തില്‍ രൂപത ഡയറക്ടര്‍ ഫാ. തോമസ് വലിയമംഗലം അധ്യക്ഷത വഹിച്ചു. തങ്കമണി സെന്റ് തോമസ് ഫൊറോന വികാരി ഫാ. ജോസഫ് മാറാട്ടില്‍, സമിതി പ്രസിഡന്റ് സില്‍ബി ചുനയമ്മാക്കല്‍, ജനറല്‍ സെക്രട്ടറി റോജസ് എം. ജോര്‍ജ്, കെ.സി. ജോര്‍ജ്, സിജോ ഇലന്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തങ്കമണിയില്‍ വായ് മൂടിക്കെട്ടി പ്രതിഷേധവും നടത്തി.