ക്ഷീരകർഷകർക്ക് വായ്പ ലഭ്യമാക്കും: മന്ത്രി ചിഞ്ചുറാണി
1532971
Saturday, March 15, 2025 12:02 AM IST
തൊടുപുഴ: സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് സാന്പത്തികപിന്തുണ ഉറപ്പാക്കാൻ കേരളബാങ്കുമായി ചേർന്ന് വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഫോക്കസ് ബ്ലോക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ക്ഷീരകർഷക അവാർഡ് വിതരണവും തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ എല്ലാ ക്ഷീരകർഷകർക്കും സബ്സിഡി ആനുകൂല്യം ലഭിക്കാൻ വരുമാനപരിധി ഒഴിവാക്കുന്നത് പരിഗണിക്കും.
കന്നുകുട്ടി പരിപാലന പദ്ധതിയിൽ കഴിഞ്ഞ വർഷം 22 കോടി രൂപയാണ് ചെലവഴിച്ചത്. ഈ വർഷം 48 കോടി മാറ്റിവച്ചിട്ടുണ്ട്. ചർമരോഗം, വേനൽച്ചൂട്, വിഷപ്പുല്ല് എന്നിവ കാരണം പശുക്കൾ മരണപ്പെടുന്നതിനാൽ ഇതിന് നഷ്ടപരിഹാരം നൽകാനായി സമഗ്ര ഇൻഷ്വറൻസ് പദ്ധതിയിൽ എട്ടു കോടി വകയിരുത്തിയിട്ടുണ്ട്. ഡോക്ടറും മരുന്നുമുൾപ്പെടെ വെറ്ററിനറി ആംബുലൻസ് സേവനം എല്ലാ ബ്ലോക്കുകളിലും എത്തിക്കുന്ന പദ്ധതിയും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തിൽ വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ് സബീന ബിഞ്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആൻസി തോമസ്, സോമൻ ചെല്ലപ്പൻ, സുനി സാബു, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ക്ഷീര കർഷക ക്ഷേമനിധി ചെയർമാൻ വി.പി. ഉണ്ണികൃഷണൻ, എറണാകുളം മേഖല ക്ഷീരോത്പാദക സഹകരണസംഘം ചെയർമാൻ വത്സലൻ പിള്ള, തിരുവനന്തപുരം മേഖല ക്ഷീരോത്പാദക സഹകരണ സംഘം ചെയർമാൻ മണി വിശ്വനാഥ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ആർ. മിനി എന്നിവർ പ്രസംഗിച്ചു. മികച്ച ക്ഷീരകർഷകരും സഹകാരികളായും തെരഞ്ഞെടുക്കപ്പെട്ടവർക്ക് മന്ത്രി പുരസ്കാരം സമ്മാനിച്ചു.