ആദിവാസി കുട്ടികളുടെ താമസം ഏറുമാടത്തിൽ
1532972
Saturday, March 15, 2025 12:02 AM IST
അടിമാലി: ആദിവാസി വിഭാഗത്തിലെ സഹോദരങ്ങളായ മൂന്ന് കുട്ടികളെ സുരക്ഷിതമല്ലാത്ത നിലയിൽ പുഴയോരത്തുള്ള ഏറുമാടത്തിൽ കഴിയുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഉദ്യോഗസ്ഥരെത്തിയ സമയത്ത് 11 വയസ് പ്രായം കണക്കാക്കുന്ന പെൺകുട്ടിയും ഏഴും ആറും വയസുള്ള രണ്ട് ആൺകുട്ടികളും മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്. പിതാവിനൊപ്പമാണ് കുട്ടികൾ ഏറുമാടത്തിൽ കഴിയുന്നതെന്നും പകൽ സമയം പിതാവ് വനത്തിൽ പോകുകയാണ് ചെയ്യുന്നതെന്നും കുട്ടികൾ പറഞ്ഞതായാണ് ആരോഗ്യവകുപ്പുദ്യോഗസ്ഥർ നൽകുന്ന വിവരം.
മാങ്കുളം പഞ്ചായത്തിലെ ആനക്കുളത്തിന് സമീപമുള്ള വല്യപാറക്കുട്ടി മേഖലയിലാണ് കുട്ടികളും പിതാവും ഏറുമാടത്തിൽ കഴിയുന്നത്. മുമ്പ് കുറത്തിക്കുടി മേഖലയിൽ കഴിഞ്ഞവരാണ് ഇവരെന്നാണ് വിവരം. നാല് മാസത്തോളമായി കുട്ടികളും പിതാവും വല്യപാറക്കുട്ടി മേഖലയിൽ എത്തിയിട്ടെന്നാണ് പ്രദേശത്തുള്ള മറ്റൊരു കുടുംബം നൽകുന്ന വിവരം. രാപകൽ വ്യത്യാസമില്ലാതെ കാട്ടാനയുടെ സാന്നിധ്യമുള്ള ഈ പ്രദേശത്ത് പകൽ സമയങ്ങളിൽ കുട്ടികൾ തനിച്ചാണ് ഉണ്ടാകാറുള്ളതെന്നും വിവരമുണ്ട്.
ഏറുമാടത്തിൽ താമസമാക്കിയ ശേഷം കുട്ടികൾ വിദ്യാലയത്തിൽ പോയിട്ടില്ല.
മാങ്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ഹൽമാസ് ഹമീദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് റ്റി പ്രിയാവതി, എസ്റ്റി പ്രമോട്ടർ ജിൻസൺ ഡേവിഡ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഭവന സന്ദർശനത്തിനിടയിലാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കുട്ടികളുടെ പിതാവുമായി ആശയവിനിമയം നടത്തുവാൻ ഇവർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
വിവരം ഹെൽത്ത് ഇൻസ്പെക്ടറെ അറിയിക്കുകയും ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദേശ പ്രകാരം മെഡിക്കൽ ഓഫീസർ, ഐസിഡിഎസ് തുടങ്ങി മറ്റ് വകുപ്പുകളെ അറിയിക്കുകയും ചെയ്തു. അരിയും ചോറും കുട്ടികളുടെ പക്കൽ ഉണ്ടായിരുന്നു. ഏത്തപ്പഴമടക്കമുള്ള ഭക്ഷ്യവസ്തുക്കൾ ആരോഗ്യവകുപ്പുദ്യോഗസ്ഥർ കുട്ടികൾക്കെത്തിച്ച് നൽകുകയും ചെയ്തു. കുട്ടികളുടെ സുരക്ഷിതത്വവും വിദ്യാഭ്യാസവും ഉറപ്പുവരുത്താൻ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം.