വനിതകൾക്ക് ഇനി "സ്നേഹിത'എക്സ്റ്റൻഷൻ സെന്ററുകൾ
1532969
Saturday, March 15, 2025 12:02 AM IST
ഇടുക്കി: ജില്ലയിലെ വനിതകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ട് കുടുംബശ്രീ മിഷനും ആഭ്യന്തര വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്ററുകൾക്ക് അഞ്ച് കേന്ദ്രങ്ങളിൽ ഇന്ന് തുടക്കമാകും.
തൊടുപുഴ, പീരുമേട്, കട്ടപ്പന, മൂന്നാർ, ഇടുക്കി എന്നിവിടങ്ങളിലെ ഡിവൈഎസ്പി ഓഫീസുകളിലാണ് പ്രാഥമിക ഘട്ടത്തിൽ സെന്ററുകൾ ആരംഭിക്കുന്നത്.
വിവിധ ആക്രമണങ്ങൾക്കും ചൂഷണങ്ങൾക്കും ഇരകളാകുന്നവർക്ക് മാനസിക പിന്തുണയും കൗണ്‍സലിംഗ് സേവനങ്ങളും നൽകി സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുകയാണ് സെന്ററുകളുടെ പ്രധാന ലക്ഷ്യം. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിനും എംഎൽമാരായ പി.ജെ. ജോസഫ്, വാഴൂർ സോമൻ, എം.എം. മണി, എ. രാജ എന്നിവർ തൊടുപുഴ, പീരുമേട്, കട്ടപ്പന, മൂന്നാർ എന്നിവിടങ്ങളിലും ഉദ്ഘാടനം ചെയ്യും.
സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന് കീഴിൽ പരിശീലനം ലഭിച്ച കമ്യൂണിറ്റി കൗണ്‍സലർമാരാണ് നേതൃത്വം നൽകുന്നത്.