നേര്യമംഗലം പുതിയ പാലം: നിർമാണം ത്വരിതഗതിയിൽ
1533342
Sunday, March 16, 2025 3:29 AM IST
തൊടുപുഴ: കൊച്ചി-മൂന്നാർ പാതയുടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പെരിയാറിനു കുറുകേ നേര്യമംഗലത്ത് നിർമാണം നടന്നുവരുന്ന പാലം ഒക്ടോബറിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു. പഴയ പാലത്തിനു സമീപമായി അതെ ഡിസൈനിലാണ് പുതിയ പാലത്തിന്റെ നിർമാണ ജോലികൾ നടന്നുവരുന്നത്. 240 മീറ്റർ ദൂരം, 11 മീറ്റർ വീതി, അഞ്ചു സ്പാനുകൾ, രണ്ട് അബ്റ്റ്മെന്റുകൾ, പാലത്തിന്റെ ഇരു വശങ്ങളിലും നടപ്പാത എന്നിവയോടു കൂടിയാണ് നിർമാണ ജോലികൾ പുരോഗമിക്കുന്നത്.
അടിമാലി പഞ്ചായത്തിൽ ഉൾപ്പെടുന്ന നേര്യമംഗലം വനമേഖലയിൽ ഭൂമി വിട്ടുകിട്ടുന്നതിന് കാലതാമസം നേരിട്ടെങ്കിലും പ്രശ്നങ്ങൾ പരിഹരിച്ച് നിർമാണജോലികൾ ത്വരിതഗതിയിൽ മുന്നോട്ടുപോവുകയാണ്. വീതി കുറവുള്ള പ്രദേശങ്ങളിൽനിന്നു ലഭിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എംപി പറഞ്ഞു.
എൻഎച്ച് 85 പ്രോജക്ട് ഡയറക്ടർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ വിവിധ ഉദ്യോഗസ്ഥന്മാരും പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, മുൻ പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ, ജൈമോൻ ജോസ്, പി.ആർ. രവി, എം.എസ്. റസാഖ്, പി.എം. റഷീദ്, പഞ്ചായത്ത് സെക്രട്ടറി ആർ. സേതു, കരാർ കന്പനി പ്രതിനിധികൾ എന്നിവരും പാലത്തിന്റെ നിർമാണ പുരോഗതി വിലിയിരുത്താനെത്തി.