ഇൻഡോ-യുഎസ് ഫിസിക്സ് സ്കോളർ പ്രോഗ്രാം
1532974
Saturday, March 15, 2025 12:02 AM IST
കാഞ്ഞിരപ്പള്ളി: ഫിസിക്സ് ബിരുദ വിദ്യാർഥികൾക്കായി കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ ഇൻഡോ-യുഎസ് ഫിസിക്സ് സ്കോളർ പ്രോഗ്രാം ആരംഭിക്കും. അമേരിക്കയിലെ ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിൽ പ്രഫസറും ശാസ്ത്രജ്ഞനുമായ പ്രഫ. ജി. അജിത് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിലേക്ക് കോളജിലെ ഒന്നും രണ്ടും മൂന്നും വർഷ ഫിസിക്സ് വിദ്യാർഥികൾക്കായി ഇൻറർവ്യൂ നടത്തും.
മെറ്റീരിയൽസ് സയൻസ്, ഫോട്ടോണിക്സ് എന്നിങ്ങനെയുള്ള നൂതന ഫിസിക്സ് വിഷയങ്ങളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള പ്രഫ. അജിത്കുമാർ സെന്റ് ഡൊമിനിക്സ് കോളജിലെ പൂർവവിദ്യാർഥിയും നിലവിൽ ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ വിസിറ്റിംഗ് ഫാക്കൽറ്റിയുമാണ്.
അമേരിക്കയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫിസിക്സിൽ ബിരുദം നേടുന്നതിനും ഗവേഷണം നടത്തുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കാൻ പര്യാപ്തമായ വിധത്തിൽ തയാറാക്കിയിട്ടുള്ള ഈ പരിപാടിയിൽ ഫുൾ ട്യൂഷൻ-ഹോസ്റ്റൽ ഫീ കവറേജ്, ഗവേഷണ പരിശീലനം, സ്പെഷലൈസ്ഡ് കോഴ്സ് വർക്ക്, ബൈ വീക്കിലി ഗ്രൂപ്പ് മീറ്റിംഗ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് വിദേശ പഠനത്തിന് ആവശ്യമായ പരീക്ഷകൾക്കുള്ള പരിശീലനവും വിവിധ വിഷയങ്ങളിൽ ഇന്റേണ്‍ഷിപ്പ് ചെയ്യാനും രാജ്യാന്തര കോണ്‍ഫറൻസുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാനുമുള്ള അവസരങ്ങളും ലഭ്യമാക്കും.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒമിനിസെക്യൂർ പ്രൈവറ്റ് ലിമിറ്റഡ് ആണ് പരിപാടിയുടെ മുഖ്യ സ്പോണ്സർ. ഭാവിയിൽ അമേരിക്കയിലെ വിഖ്യാത യൂണിവേഴ്സിറ്റികളിൽ ഉന്നത പഠനത്തിനും ഗവേഷണത്തിനും കോളജിലെ വിദ്യാർഥികൾക്ക് നേരിട്ട് അവസരമൊരുക്കുകയാണ് ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്ക് ഡോ. ജെസ്ബി ജോർജ്, അസി. പ്രഫസർ, ഫിസിക്സ് വിഭാഗം, സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോണ്‍: 9037462326