ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സ്വകാര്യമേഖലയുടെ സഹായം
1533325
Sunday, March 16, 2025 3:16 AM IST
ഇടുക്കി: ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സ്വകാര്യമേഖലയിൽനിന്നു ജില്ലാഭരണകൂടത്തിന് സഹായം. മൂന്നാർ ആസ്ഥാനമായുള്ള കണ്ണൻ ദേവൻ കന്പനിയുടെ സഹകരണത്തോടെ ടാറ്റ സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് ഒരു കോടി രൂപ മൂല്യമുള്ള വിവിധ ഉപകരണങ്ങൾ ജില്ലാ ദുരന്തനിവാരണ അഥോറിറ്റിക്ക് കൈമാറി.
കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ടെന്റുകൾ, പോർട്ടബിൾ ഇൻഫ്ളറ്റബിൾ ലൈറ്റുകൾ, ജനറേറ്ററുകൾ, മെഗാഫോണുകൾ, സ്ട്രച്ചറുകൾ, പിപിഇ, സെർച്ച് ലൈറ്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ എന്നിവയുൾപ്പെടെ 22 ഉപകരണ സംവിധാനങ്ങളാണ് കൈമാറിയത്.
ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, മൂന്നാർ കെഡിഎച്ച്പി കന്പനി പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ കെ. മാത്യു ഏബ്രഹാം, എഡിഎം ഷൈജു പി. ജേക്കബ്, ടാറ്റാ സണ്‍സ് ലിമിറ്റഡ് ക്ലസ്റ്റർ ഹെഡ് ശ്രീരംഗ് ധാവലെ, ടാറ്റാ സസ്റ്റൈനബിലിറ്റി ഗ്രൂപ്പ് ദുരന്തനിവാരണ വിഭാഗം മാനേജർ സുമേദ്, കെഡിഎച്ച്പി ഡെപ്യൂട്ടി ജനറൽ മാനേജർ സഞ്ജിത് പി. രാജു, സീനിയർ മാനേജർ ജോസഫ് കണ്ടോത്ത്, ജില്ലാ ഹസാർഡ് അനലിസ്റ്റ് ടി.ആർ. രാജീവ് , എൻഡിആർഎഫ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, ആപ്ത മിത്ര, സിവിൽ ഡിഫൻസ്, ഡിഇഒസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.