ഒളിന്പ്യാഡ് മത്സരങ്ങളിൽ മെഡൽ വാരിക്കൂട്ടി ആബേൽ
1533634
Sunday, March 16, 2025 11:49 PM IST
തൊടുപുഴ: ഒളിന്പ്യാഡ്, സ്കോളർഷിപ്പ് മത്സരങ്ങളിൽനിന്നു മെഡലുകൾ വാരിക്കൂട്ടി ഒൻപതാം ക്ലാസ് വിദ്യാർഥിയായ ആബേൽ റാഫേൽ ജസ്റ്റിൻ. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള പഠനകാലയളവിനുള്ള നൂറ്റൻപതോളം മെഡലുകളും ചെറുതും വലുതുമായി ഒന്നര ലക്ഷത്തോളം രൂപയുടെ കാഷ് അവാർഡുകളുമാണ് ഈ മിടുക്കൻ നേടിയെടുത്തത്. കൊടുവേലി സാൻജോ പബ്ലിക് സ്കൂൾ വിദ്യാർഥിയായ ആബേൽ ഓരോ അധ്യയന വർഷവും റഗുലർ ക്ലാസിനു പുറമെ വിവിധ ഒളിന്പ്യാഡ് മൽസരങ്ങളായ എസ്ഒഎഫ്, യുണിഫൈഡ് കൗണ്‍സിൽ, സിൽവർ സോണ്‍ ഒളിന്പ്യാഡ് എന്നിവയുടെ 20 ലേറെ വ്യത്യസ്ത സബ്ജക്ടുകളിൽ പങ്കെടുത്തു വരുന്നുണ്ട്.
കേന്ദ്രസർക്കാർ എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുന്ന ഗണിത ശാസ്ത്ര ഒളിന്പ്യാഡിലെ ഏറെ ക്ലേശകരമായ ഘട്ടങ്ങളായ ഐഒക്യുഎം, ആർഎംഒ എന്നി ഘട്ടങ്ങൾ തരണം ചെയ്ത് ഇന്ത്യൻ നാഷണൽ മാത്തമറ്റിക്കൽ ഒളിന്പ്യാഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു.
യൂണിഫൈഡ് കൗണ്‍സിൽ നടത്തിയ നാഷണൽ സയൻസ് ടാലന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം റാങ്ക്, കേരള ഗണിതശാസ്ത്ര പരിഷത്ത് നടത്തുന്ന സംസ്ഥാന ഗണിതശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയിൽ രണ്ടാം സ്ഥാനം, സിൽവർ സോണ്‍ ഒളിന്പ്യാഡ് നടത്തുന്ന ഇന്റർനാഷണൽ മൽസരത്തിൽ ഒന്നാംറാങ്ക്, കേന്ദ്ര സയൻസ് ആന്റ് ടെക്നോളജി വകുപ്പ് നടത്തുന്ന വിവിഎം മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം, സയൻസ് ഒളിന്പ്യാഡ് ഫൗണ്ടേഷൻ നടത്തിയ ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിന്പ്യാഡിൽ ഒന്നാംറാങ്ക് തുടങ്ങി എണ്ണമറ്റ നേട്ടങ്ങളാണ് ആബേൽ ഇതിനോടകം കരസ്ഥമാക്കിയത്.
ഇന്ത്യയിലെ പ്രമുഖ കോച്ചിംഗ് സെന്ററുകളുടെ 2025-26 വർഷത്തെ 100 ശതമാനം സ്കോളർഷിപ്പും നേടി എടുത്തിട്ടുണ്ട്. ഇനിയും പുതിയ നേട്ടങ്ങൾ കൈപ്പിടിയിലാക്കാനുള്ള പരിശ്രമത്തിലാണ് കോടിക്കുളം മുളരിയ്ക്കൽ ജസ്റ്റിൻ റാഫേലിന്റെയും ഡോ. ലാലിസ ജസ്റ്റിന്റെയും മകനായ ആബേൽ.