യുവാവിന്റെ മരണം: ബന്ധുക്കൾ പോലീസിൽ പരാതി നൽകി
1532663
Thursday, March 13, 2025 11:39 PM IST
തൊടുപുഴ: ദുരൂഹ സാഹചര്യത്തിൽ തലയ്ക്ക് പരിക്കേറ്റ് ബംഗളുരുവിൽ ചികിത്സയിലിരിക്കേ മരിച്ച തൊടുപുഴ ചിറ്റൂർ പുത്തൻപുരയിൽ ലിബിൻ ബേബിയുടെ (32) മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ബംഗളുരു പോലീസിൽ പരാതി നൽകി. ലിബിനൊപ്പം താമസിച്ചിരുന്ന സുഹൃത്തിന്റെ മർദനമേറ്റാണ് മരണമെന്നാണ് ഇവരുടെ ആരോപണം.
ആറു വർഷമായി ലിബിൻ ബംഗളുരുവിലെ ജോബ് കണ്‍സൾട്ടൻസി സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഒരു മുറിയിൽ മലയാളികളായ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ ശനിയാഴ്ചയാണ് ലിബിൻ കുളിമുറിയിൽ വീണ് പരിക്കേറ്റ വിവരം സുഹൃത്തുക്കൾ കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതേസമയം കുടുംബാംഗങ്ങൾ ബംഗളുരുവിൽ എത്തിയപ്പോഴാണ് തലയ്ക്ക് പരിക്കേറ്റ് ലിബിൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് അറിയുന്നത്.
തുടർന്ന് ഡോക്ടർമാരുമായി സംസാരിച്ചപ്പോഴാണ് ലിബിന്റെ പരിക്ക് വീഴ്ചമൂലം ഉണ്ടായതല്ലെന്ന് വ്യക്തമായത്. തുടർന്ന് ലിബിനൊപ്പം ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവ് ഇവിടെനിന്നു മുങ്ങി. ഇതോടെയാണ് പോലീസിൽ പരാതി നൽകിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് ലിബിന്റെ മരണം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം ലിബിന്റെ അവയവങ്ങൾ എട്ടുപേർക്ക് ദാനം ചെയ്തു. പുത്തൻപുരയിൽ ബേബി- മേരിക്കുട്ടി ദന്പതികളുടെ മകനാണ്. സഹോദരി ലിന്റു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്നലെ നാട്ടിലെത്തിച്ച് സംസ്കാരം നടത്തി.