നിറച്ചാർത്തണിഞ്ഞ് മൂന്നാറിൽ പൂക്കളുടെ ഉത്സവകാലം
1533636
Sunday, March 16, 2025 11:49 PM IST
മൂന്നാർ: ചുട്ടുപൊള്ളുന്ന വേനലിന്റെ കാഠിന്യത്തിൽനിന്ന് ആശ്വാസവും കുളിർമയും തേടി മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് നിറപ്പൊലിമയുടെ വർണകാഴ്ചയൊരുക്കുകയാണ് ഇവിടുത്തെ പാതയോരങ്ങൾ.
പൂക്കാലമല്ലെങ്കിലും വ്യത്യസ്്ത വർണങ്ങളിലുള്ള പൂക്കൾ വഴിയോരങ്ങളിൽ പൂത്തു നിൽക്കുന്നത് സഞ്ചാരികൾക്ക് ഹരം പകരുകയാണ്. ഒറ്റ നോട്ടത്തിൽ കണ്ണിൽപ്പെടാത്ത ചെറുപൂക്കൾ മുതൽ വലിയ മരങ്ങൾ വരെ നിറഞ്ഞുനിൽക്കുന്ന പൂക്കൾ പ്രകൃതിയെ മനോഹരമാക്കുകയാണ്.
ആലുവ-മൂന്നാർ റോഡിൽ പള്ളിവാസൽ മുതൽ മൂന്നാർ വരെയും, മൂന്നാറിൽ നിന്നും ഉടുമലപേട്ട അന്തർസംസ്ഥാന പാതയിൽ കാപ്പിസ്റ്റോർ വരെയുള്ള ഭാഗങ്ങളിലുമാണ് നിറയെ പൂക്കൾ കാണാനാവുക. മനോഹരകാഴ്ച ഒരുക്കുക എന്നതിനോടൊപ്പം ഈ പൂക്കൾക്കുള്ള സവിശേഷതകളും അതിനു പിന്നിലുള്ള ചരിത്രവും കൗതുകമുണർത്തുന്നവയാണ്.
ജക്രാന്ത
ഹൈറേഞ്ചിന്റെ പാതയോരങ്ങളിൽ അഴകിന്റെ കുട നിവർത്തി നിൽക്കുന്ന നീലവാക മരങ്ങളാണ് സഞ്ചാരികളെ ഏറെ ആകർഷിക്കുന്നത്. ജക്രാന്ത എന്ന പേരിൽ അറിയപ്പെടുന്ന പുഷ്പങ്ങൾ മൂന്നാറിന്റെ മലനിരകളിൽ നീലവസന്തമണിയിക്കും. റോഡരികിൽ തണലിനായും ഭംഗിക്കായും നട്ടുപിടിപ്പിച്ച മരങ്ങളാണിത്. മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ ഉണ്ടായിരുന്ന ഇംഗ്ലണ്ടുകാരായ ഉദ്യോഗസ്ഥരാണ് ഇതു നട്ടുപിടിപ്പത്. റോഡരികിൽ കൂട്ടമായി പൂത്തുലഞ്ഞു നിൽക്കുന്ന ജക്രാന്തകൾ കാണാൻ നിരവധി സഞ്ചാരികളെത്തുന്നുണ്ട്. മെക്സിക്കോ, മധ്യഅമേരിക്ക, തെക്കേ അമേരിക്ക, ക്യൂബ, ജമൈക്ക, ബഹമാസ് തുടങ്ങിയ രാജ്യങ്ങളിലെ ഉഷ്ണമേഖല പ്രദേശങ്ങളിലാണ് ഇവ കൂടുതലായി കണ്ടു വരുന്നത്.
വിവിധ രാജ്യങ്ങളിൽ അഴകിനായി ജക്രാന്തമരം വലിയ തോതിൽ നട്ടു പിടിപ്പിച്ചിട്ടുണ്ട്. 20 മുതൽ 30 മീറ്റർ വരെ ഉയരമുള്ള മരങ്ങളിൽ പൂവിടുന്ന പൂക്കൾ അടർന്ന് വീണ് റോഡുകളിലും നീലപ്പായ വിരിച്ച പോലെ തോന്നിപ്പിക്കുന്ന കാഴ്ചയും ഏവരെയും ആകർഷിക്കും. 49 ഇനത്തിലുള്ള ജക്രാന്ത മരങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്. ജക്രാന്ത മിമോസിഫോളിയ എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം.
പോയിൻസെത്തിയ
ക്രിസ്മസിന്റെ വരവറിയിച്ച് ശൈത്യകാലത്തിന്റെ ആരംഭത്തിൽ പൂവിട്ട പോയിൻസെത്തിയ വേനൽക്കാലം എത്തിയിട്ടും പാതയോരങ്ങളെ മനോഹരമാക്കുകയാണ്. ക്രിസ്മസ് കാലത്ത് പൂവിടുതിനാലും നക്ഷത്ര ആകൃതിയിൽ കാണപ്പെടുതിനാലും ക്രിസ്മസ് പൂക്കൾ എന്നു വിളിപ്പേരുള്ള ഇവ മൂന്നാർ മുതൽ മറയൂർ വരെയുള്ള വിവിധയിടങ്ങളിലും എല്ലപ്പെട്ടി. ചെണ്ടുവര, കുണ്ടള എന്നിവിടങ്ങളിലും പൂവിട്ടുനിൽക്കുന്നു. പൂക്കൾ പോയിൻസെത്തിയ എന്ന പേരിലാണ് അറിയപ്പെടുന്നത്. രണ്ടു മുതൽ 13 അടി ഉയരത്തിൽ വരെ വളരുന്ന ചെടിയിലെ ഇലകളാ പൂക്കളുടെ ഭാവം പകരുന്നത്. പച്ചനിറത്തിലുള്ള ഇലകൾ സൂര്യന്റെ ചൂടേറ്റാണ് ചുവപ്പുനിറത്തിലാകുന്നത്. ഈ ചെടിയുടെ ഉറവിടം മെക്സിക്കോയിലാണ്െ കരുതപ്പെടുന്നത്.
പതിനേഴാം നൂറ്റാണ്ടോടെ ഫ്രാൻസിസ്കൻ സന്യാസികൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഈ പൂക്കൾ ഉപയോഗിച്ചുതുടങ്ങി. പൂവിന്റെ നക്ഷത്ര ആകൃതി ബെത്ലഹേമിലെ നക്ഷത്രത്തെയും ചുവപ്പ നിറം ക്രിസ്തുവിന്റെ മരണത്തെയും സൂചിപ്പിക്കുന്നതായും വിശ്വസിക്കുവരുമുണ്ട്. ബ്രിട്ടീഷുകാരായ കന്പനി അധികൃതരാണ് ഈ ചെടികൾ മൂന്നാറിലെത്തിച്ചത്. എവുഫോർബിയ പുൽചെറിമ എന്നാണ് ശാസ്ത്രീയ നാമം.
ക്രൗണ്‍ ഓഫ് തോണ്‍സ്
മുൾച്ചെടികൾക്കു മുകളിൽ കടുംചുവപ്പു നിറത്തിൽ കൂട്ടമായി കാണപ്പെടുന്ന ക്രൗണ്‍ ഓഫ് തോണ്‍സ് എന്ന പേരിൽ അറിയപ്പെടുന്ന പൂക്കൾ ഏറെ കൗതുകമുണർത്തുന്നതാണ്. കട്ടികൂടിയ തണ്ടുകളിൽ കൂർത്ത മുനകളോടു കൂടിനിൽക്കുന്ന മുള്ളുകളുള്ളതിനാൽ തൊടുന്പോൾ സൂക്ഷിക്കണം. മഡഗാസ്കർ ആണ് ഈ പൂവിന്റെ സ്വദേശം.
യേശുക്രിസ്തു പീഢാസഹന വേളയിൽ തലയിൽ ധരിച്ച മുൾക്കീരീടം ഈ ചെടിയിൽനിന്ന് ഉണ്ടാക്കിയതാണെന്ന് നിരവധി പേർ വിശ്വസിക്കുന്നുണ്ട്. വെള്ളം ദീർഘകാലത്തേക്ക് സംഭരിച്ചു വയ്ക്കുവാനുള്ള ശേഷി തണ്ടിന് ഉള്ളതിനാൽ വളരെക്കാലം ഈ പൂക്കൾ നിലനിൽക്കും.
യുഫോർബിയാസിയാ കുടുംബത്തിൽപ്പെട്ട ഈ പൂക്കൾ യുഫോർബിയ മില്ലി എന്ന ശാസ്ത്രീയ നാമത്തിലാണ് അറിയപ്പെടുന്നത്.
എൽഡർബെറി
വസന്തകാലം മുതൽ ശരത്കാലം വരെ പാതയോരങ്ങളിലും തണ്ണീർത്തടങ്ങളോട് ചേർന്നും കൂട്ടമായി തിളങ്ങുന്ന വെളുത്ത പൂക്കൾക്ക് കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ ഇല്ലെങ്കിലും അഴകിന് ഒട്ടും കുറവില്ല. മൂന്നാറിൽനിന്നു മറയുർ പോകുന്ന വഴികളിലാണ് ഈ കുറ്റിച്ചെടികൾ ഏറെയുള്ളത്. പക്ഷികൾക്കും ചെറിയ സസ്തനികൾക്കും ഏറെ പ്രിയപ്പെട്ട ഈ പൂക്കൾ കൂട്ടമായി നിൽക്കുന്നത് ഏറെ മനോഹരമാണ്. ഈർപ്പമുള്ള ഇടങ്ങളിലാണ് ഇവ വളരുന്നത്. വെള്ളയും ക്രീമും ഇടകലർന്ന നിറമുള്ള ചെറിയ പൂക്കൾ നാലു മുതൽ 10 ഇഞ്ച് വരെ വലിപ്പമുള്ള പരന്ന മുകൾഭാഗം മുതൽ വൃത്താകൃതിയിൽ സുഗന്ധങ്ങൾ ഉള്ള ഈ പൂക്കളുടെ അടുത്തുനിന്ന് ഫോട്ടോ എടുക്കാൻ സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്നുണ്ട്.
സെന്റ് ജോണ്‍സ് റോട്ട്
റോഡരികിലെ മണ്‍തിട്ടകളിലും കുന്നിൻ ചെരിവുകളിലും കാണപ്പെടുന്ന ഈ പൂക്കൾ പലപ്പോഴും ഉയർന്ന സ്ഥലങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. റോഡരികിലുള്ള മണ്‍തിട്ടകളിൽ ഈ പൂക്കൾ കാണാനാവും. മൂന്നാർ-മറയൂർ റോഡിൽ നയമക്കാട് മുതലുള്ള ഭാഗങ്ങളിൽ കടും മഞ്ഞനിറത്തിൽ കൂട്ടമായി കാണപ്പെടുന്ന ഈ പൂക്കൾ കാഴ്ചയൊരുക്കുന്നു. വിശുദ്ധ സ്നാപക യോഹന്നാന്റെ തിരുനാൾ ദിനങ്ങളോടനുബന്ധിച്ച് പൂക്കുന്നതിനാലാണ് ഈ പേരു ലഭിച്ചത്. വലിയ ഒൗഷധ ഗുണമില്ലെങ്കിലും മാനസിക പിരിമുറുക്കത്തിന് അയവുവരുത്താനുള്ള മരുന്നുകൾക്ക് ഇവ ഉപയോഗിക്കാറുണ്ട്.
കാൻഡിൽ കാസിയ
കാഴ്ച കൊണ്ട് മനോഹരമെങ്കിലും രൂക്ഷഗന്ധം കൊണ്ട് മനുഷ്യരെ അകറ്റുന്ന കാൻഡിൽ കാസിയ എന്നു വിളിപ്പേരുള്ള മഞ്ഞ നിറത്തിലുള്ള പൂക്കളും പാതയോരങ്ങളിൽ നയനമനോഹരങ്ങളായി ഉയർന്നുനിൽക്കുന്നു. മെഴുകുതിരിയുടേതു പോലെ തോന്നിപ്പിക്കുന്ന രീതിയിൽ ഉയർന്നു നിൽക്കുന്ന ദളങ്ങളും അതിനു മുകളിലായി തിരി പോലെ തോന്നിപ്പിക്കുന്ന കറുത്ത കായകളുമാണ് ഈ പേരു വരാൻ കാരണം. സാധാരണയായി ഉഷ്ണമേഖലകളിലും സമുദ്രനിരപ്പിൽനിന്ന് 1200 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിലും മാത്രം കണ്ടു വന്നിരുന്ന ഈ പൂക്കളാണ് തണുപ്പു നിറഞ്ഞ മൂന്നാർ പോലുള്ള പ്രദേശങ്ങളിൽ പൂത്തുനിൽക്കുന്നത്.
രൂക്ഷമായ ഗന്ധമാണെങ്കിലും ഇവയ്ക്ക് ഒൗഷധ ഗുണവുമുണ്ട്. ചില രാജ്യങ്ങളിൽ സോപ്പും ഷാന്പുവും നിർമിക്കാനും ഇത് ഉപയോഗിച്ചു വരുന്നുണ്ട്.